ശബരിമല: സന്നിധാനത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകള്‍ 10 ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 49 കേസ് രജിസ്റ്റർ ചെയ്ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി. തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാനും അമിത വില ഈടാക്കുന്നത് തടയാനുമായി ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ മൂന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റുമാർ വിവിധ സ്‌ക്വാഡുകളായാണ് പരിശോധന ഊർജ്ജിതമാക്കിയിരിക്കുന്നത്.
സന്നിധാനത്ത് 187 കടകളിലും ഹോട്ടലുകളിലും പരിശോധന നടന്നു. അളവിലും തൂക്കത്തിലും ക്രമക്കേട്, അധിക വില ഈടാക്കല്‍, നിയമാനുസൃത രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകള്‍ വില്‍ക്കുക എന്നീ കുറ്റങ്ങള്‍ക്ക് 14 കേസുകളിലായി 1,35,000 രൂപ പിഴ ചുമത്തി. പമ്പയില്‍ 88 പരിശോധന നടത്തു. 18 കേസുകളിലായി 106,000 രൂപ പിഴ ചുമത്തി. നിലയ്ക്കലില്‍ നടന്ന 145 പരിശോധനകളിലായി 17 കേസെടുത്തു. 1,50,000 രൂപ പിഴ ഈടാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോട്ടലുകളിലെയും കടകളിലെയും ശുചിത്വം ഉറപ്പാക്കുക, ഗുണനിലവാരമുള്ള ഭക്ഷണം കൃത്യമായ അളവിലും തൂക്കത്തിലും തീർഥാടർക്ക് ലഭ്യമാക്കുക, അമിത വില ഈടാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ട് പരിശോധന വ്യാപകമാക്കിയതായും വരുംദിവസങ്ങളിലും തുടരുമെന്നും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുണ്‍ എസ്. നായർ പറഞ്ഞു.