പണവും മദ്യവും നൽകി പ്രവർത്തകരെ കാലുമാറ്റാൻ ജോസ് കെ.മാണി വിഭാഗത്തിന്റെ ശ്രമം; എല്ലാവരും കരുതലോടെ ഇരിക്കുക; ജോസഫ് വിഭാഗത്തിലെ മൂന്നിലവ് പഞ്ചായത്തംഗം കേരള കോൺഗ്രസ് വിട്ടതിനെതിരെ മുന്നറിയിപ്പുമായി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ; മദ്യം നൽകിയാൽ വീഴുന്ന രാഷ്ട്രീയമാണോ ജോസഫ് വിഭാഗത്തിനെന്ന് തിരിച്ചടിച്ച് കേരള കോൺഗ്രസ്

പൊളിറ്റിക്കൽ ഡെസ്‌ക്
പാലാ: പണവും മദ്യവും മറ്റ് പ്രലോഭനവും നൽകി ജോസ് കെ.മാണി വിഭാഗം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രവർത്തകരെയും ജനപ്രതിനിധികളെയും അടർത്തിമാറ്റാൻ ശ്രമിക്കുന്നതായി ആരോപണവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ. മൂന്നിലവ് പഞ്ചായത്തിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പഞ്ചായത്തംഗം ചാർളി ഐസക്ക് കേരള കോൺഗ്രസ് ജോസഫ് വിട്ട്, മാണി വിഭാഗത്തിൽ ചേർന്നതിനു പിന്നാലെയാണ് സജി മഞ്ഞക്കടമ്പൻ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. ഇതോടെ മദ്യവും പണവും നൽകിയാൽ പാർട്ടി വിടാനുള്ള രാഷ്ട്രീയം മാത്രമേ ജോസഫ് വിഭാഗത്തിലുള്ളോ എന്ന മറു ചോദ്യവുമായി ജോസ് കെ.മാണി വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്.

Advertisements

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ചിഹ്നമായ ചെണ്ട അടയാളത്തിൽ മൂന്നിലവ് പഞ്ചായത്തിൽ മത്സരിച്ചു വിജയിച്ച ചാർളി ഐസക്കാണ് കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് എമ്മിലേയ്ക്കു പോയത്. ജോസ് കെ.മാണിയെ കണ്ട് ഇദ്ദേഹം കേരള കോൺഗ്രസ് അംഗത്വം സ്വന്തമാക്കുകയും ചെയ്തു. ഇത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇതേ തുടർന്നാണ് ചാർളിയ്‌ക്കെതിരെ കേരള കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യത്തിനും പണത്തിനും വീഴരുത്
മൂന്നിലവിലെ പാറമടലോബിയുടെ സാമ്പത്തിക സമ്മർദത്തിന് വഴങ്ങി ജോസ് വിഭാഗത്തിന്റെ പിൻതുണയോടെയാണ് ഇയാൾ പോയിരിക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിച്ചിട്ടുള്ളതെന്നു കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ തന്റെ പ്രസ്താവനയിൽ ആരോപിക്കുന്നു.
ജോസ് കെ.മാണി വിഭാഗം പണവും മദ്യവും മറ്റ്പ്രലോഭനങ്ങളുമായി നമ്മുടെ പ്രവർത്തകരെയും , ജനപ്രതിനിധികളെയും , അടർത്തിമാറ്റാൻ തീവ്രശ്രമം നടത്തുന്നുണ്ട് എന്ന കാര്യം എല്ലാവരും മനസ്സിലാക്കണമെന്നും, നമ്മുടെ പ്രവർത്തകരും , ജനപ്രതിനിധികളും ഈ ചതിക്കുഴിയിൽ വീഴാതിരിക്കൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സജി പ്രസ്താവനയിൽ പറയുന്നു.

തിരിച്ചടിച്ച് കേരള കോൺഗ്രസ്
മദ്യത്തിനും പണത്തിനും പ്രലോഭനത്തിനും വീഴാനുള്ള രാഷ്ട്രീയം മാത്രമേ കേരള കോൺഗ്രസ് ജോസഫിനുള്ളോ എന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ നേതാക്കൾ ചോദിക്കുന്നത്. ജീർണ്ണിച്ച രാഷ്ട്രീയവുമായി നിലപാട് സ്വീകരിക്കുന്ന ജോസഫ് വിഭാഗത്തെ ഉപേക്ഷിച്ച് പ്രവർത്തകർ പുറത്ത് പോരുന്നത് സ്വാഭാവികം മാത്രമാണ്. ശക്തമായ നേതൃത്വമില്ലാത്ത പാർട്ടിയെ ഉപേക്ഷിച്ചാണ് പ്രവർത്തകരിൽ പലരും ജോസ് കെ.മാണിയുടെ നേതൃത്വത്തിലേയ്ക്കു ചേക്കേറുന്നത്. ഈ സാഹചര്യത്തിൽ പണവും മദ്യവും പ്രലോഭനവും നൽകുന്നു എന്ന സജി മഞ്ഞക്കടമ്പന്റെ വാദത്തിന് മറുപടി പോലും അർഹിക്കുന്നില്ലെന്നും കേരള കോൺഗ്രസ് എം നേതാക്കൾ തന്നെ പറയുന്നു.

Hot Topics

Related Articles