ശബരിമല :
ശബരിമല സന്നിധാനത്ത് താൻ എഴുതിയ ഗാനം കേട്ട് ജോലി ചെയ്യാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലാണ് സുധർമ്മദാസ് എന്ന ഫോട്ടോഗ്രാഫർ. ആലപ്പുഴ ചേർത്തല പാണാവള്ളി സ്വദേശിയും
കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫറുമാണ് എൻ.ആർ.സുധർമ്മദാസ്. ഇദ്ദേഹത്തിൻ്റെ രണ്ടാം രചനയായ ”മലയിലുണ്ടയ്യൻ” എന്ന ഭക്തിഗാന വീഡിയോ ആൽബത്തിലെ ഗാനമാണ് സന്നിധാനത്തും പമ്പയിലും ആയി ഇടവേളകളിൽ മുഴങ്ങി കേൾക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയപ്പോഴാണ് മലയിലുണ്ടയ്യൻ എന്ന ഗാനത്തിന്റെ വരികൾ എഴുതിത്തുടങ്ങിയത്.
കഴിഞ്ഞ ആഴ്ച സന്നിധാനത്ത് നടന്ന ചടങ്ങിൽ തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവഹിച്ചത്. സുജീഷ് വെള്ളാനി സംഗീത സംവിധാനം നിർവഹിച്ച ഗാനം ഗോവിന്ദ് വേലായുധാണ് ആലപിച്ചത്. കെ. മധുവാണ് ഗാന ചിത്രീകരണത്തിന്റെ സംവിധാനവും, ചിത്രീകരണവും നിർവഹിച്ചത്. സർഗം മ്യൂസിക്സ് ആണ് ഗാനം പുറത്തിറക്കിയത്. കഴിഞ്ഞ വർഷം സുധർമ്മദാസിന്റെ രചനയിൽ പുറത്തിറങ്ങിയ അയ്യാ നിൻ സന്നിധിയിലെന്ന അയ്യപ്പ ഭക്തിഗാനവും പ്രേക്ഷക പ്രീതി നേടിയിരുന്നു.