സിനിമ ഡസ്ക് : രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് കൂലി. വമ്പൻ താരനിരക്കൊപ്പം വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നടത്തുന്ന സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇത് ഏകദേശം ഉറപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജയ്പൂരിലെ സിനിമയുടെ പുതിയ ഷെഡ്യൂളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതിൽ നടൻ ഉപേന്ദ്രക്ക് ഒപ്പം ആമിർ ഖാൻ നിൽക്കുന്ന ചിത്രങ്ങളും ഉൾപ്പെടും. കൂലിയിൽ ഉപേന്ദ്ര ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആമിർ ഖാൻ കൂലിയിൽ അതിഥി വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. നാഗാർജുന അക്കിനേനി , ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.