കൊച്ചി: സ്ത്രീകളെ അവർ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. അങ്ങനെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ കാഴ്ചപ്പാടിണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ചിൻറേതാണ് നിർദേശം.vമാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിവാഹമോചനം നേടിയ യുവതി തന്റെ കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടപ്പോൾ യുവതി ധരിച്ച വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളെ കൊണ്ടുപോവാനുള്ള അവകാശം കുടുംബ കോടതി നിഷേധിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പോസ്റ്റ് ചെയ്തു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് യുവതിക്ക് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചിരുന്നത്. എന്നാൽ ഏതുതരം വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്നും അത് കോടതിയുടെ മോറൽ പൊലീസിങ്ങിന് വിധേയമാക്കേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിധിന്യായങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കി.
വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആഘോഷിച്ചതിനെയും മാവേലിക്കര കുടുംബ കോടതി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹ മോചനം നേടുന്നവർ സങ്കടപ്പെട്ട് കഴിയണമെന്ന കോടതിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.