സിനിമ ഡസ്ക് : ദിലീപും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഭ. ഭ. ബ’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്ന് റിപ്പോർട്ട്. ഏറെ പ്രത്യേകത നിറഞ്ഞ കാമിയോ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിൽ മോഹൻലാൽ പങ്കെടുക്കുന്ന രംഗങ്ങൾ ചിത്രീകരിക്കാനാണ് തീരുമാനം.കോയമ്പത്തൂരിലായിരുന്നു ആദ്യഘട്ട ചിത്രീകരണം. ഏറെ രസകരമായ പ്രമേയമാണ് ചിത്രത്തിന്റേത്. ധ്യാൻ ശ്രീനിവാസൻ, ശരണ്യ പൊൻവർണൻ, സിദ്ധാർത്ഥ് ഭരതൻ, ബാലുവർഗീസ്, തമിഴ് താരം റെഡിൻ കിംഗ് സ്ളി തുടങ്ങി വമ്പൻ താര അണിനിരക്കുന്നു.
പ്രശസ്ത തെന്നിന്ത്യൻ കൊറിയോഗ്രഫർ സാൻഡി മാസ്റ്ററും താരനിരയിലുണ്ട്. അഭിനേതാക്കളായ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് രചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. വിനീത് ശ്രീനിവാസന്റെ ശിഷ്യനായി സിനിമയിൽ എത്തിയ ധനഞ്ജയ് ശങ്കർ പുലിമുരുകനിൽ വൈശാഖിന്റെ സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.ജേക്കബിന്റെ സ്വർഗരാജ്യം, ലവ് ആക്ഷൻ ഡ്രാമ, ഹൃദയം, ഫിലിപ്സ്, എങ്കിലും ചന്ദ്രികേ തുടങ്ങിയ സിനിമകളിലും സഹായിയായി പ്രവർത്തിച്ചു. അതേസമയം പുതുവർഷത്തിൽ യുവസംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമാകുകയാണ് മോഹൻലാൽ. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിതു മാധവന്റെ ചിത്രത്തിൽ മോഹൻലാലാണ് നായകൻ.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും ആണ് പുതുവർഷത്തിൽ മോഹൻലാലിന്റെ ആദ്യ റിലീസ്.