കൊച്ചി: മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയെ മൂന്നര പതിറ്റാണ്ടു കാലമായി അനുവദിച്ചിരുന്ന ഓഫീസ് മുറിയില്‍ നിന്നും കുടിയൊഴിപ്പിച്ച കോളേജ് അധികൃതരുടെ നടപടി തിരുത്തണമെന്നും, ഓഫീസ് പുനഃസ്ഥാപിക്കണമെന്നും ഉമ തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. കോളേജിന്റെ വികസനത്തിനും പുരോഗതിക്കുമായി കക്ഷി, രാഷ്ട്രീയ ഭേദമന്യേ പൂർവ വിദ്യാർത്ഥികള്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങളെ അവഗണിക്കുന്നതാണ് സങ്കുചിത താല്പര്യത്തോടെ ചില അധ്യാപകർ നടത്തിയ ഈ കുടിയൊഴിപ്പിക്കലെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.
1925ല്‍ മഹാരാജാസ് ഓള്‍ഡ് ബോയ്സ് അസോസിയേഷനെന്ന പേരില്‍ രൂപീകരിച്ച പൂർവ വിദ്യാർത്ഥി സംഘടനയാണ് പിന്നീട് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷനായി രജിസ്റ്റർ ചെയ്തത്. കോളേജിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളില്‍ പൂർവ വിദ്യാർത്ഥികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രൊഫ. കെ. ഭാരതി പ്രിൻസിപ്പലായിരിക്കെയാണ് അസോസിയേഷന് ലൈബ്രറി ബ്ലോക്കില്‍ ചെറിയൊരു മുറി അനുവദിച്ചത്. മൂൻ ഹൈക്കോടതി ജഡ്ജിമാരും സിവില്‍ സർവീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ നേതൃത്വം നല്കി വരുന്ന സംഘടനയോടാണ് കോളേജിലെ നിലവിലെ പ്രിൻസിപ്പലും ഒരു വിഭാഗം അധ്യാപകരും അപമാനകരമായ സമീപനം സ്വീകരിച്ചിരിക്കുന്നതെന്ന് ഉമ തോമസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്തെ കലാലയങ്ങള്ക്കാകെ മാതൃകയാകുന്ന തരത്തിലാണ് പൂർവ വിദ്യാർത്ഥികളെ കോർത്തിണക്കി മഹാരാജകീയം എന്ന പേരിലുള്ള സംഗമങ്ങള്‍ മഹാരാജാസ് ഒ എസ് എ സംഘടിപ്പിച്ചു വരുന്നത്. ഈ സംഗമത്തിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകള്‍, അതിന്റെ പ്രൗഢിയും പങ്കാളിത്തവും മൂലം വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. സംഗമത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി ഓഫീസ് മുറിയില്‍ സ്ഥാപിച്ചിരുന്ന ചിത്രങ്ങള്‍ ഒന്നൊഴിയാതെ നശിപ്പിച്ച നടപടിയും വേദനാജനകമാണെന്ന് എം.എല്‍.എ പറഞ്ഞു. ഓഫീസ് മുറി തിരികെ ലഭിക്കുന്നതിനായി സർക്കാർ തലത്തില്‍ ഒ.എസ്.എ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമന്നും ഉമ തോമസ് പറഞ്ഞു.