തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ചോർച്ചയില്‍ തുടർനടപടി സ്വീകരിക്കാൻ വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതലയോഗം വൈകീട്ട് ചേരും. ചോർത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിന്റെ ഓഫീസ് ഇന്നും പ്രവർത്തിക്കുന്നില്ല.
വിവാദമായ ചോദ്യപേപ്പർ ചോർച്ചയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. എസ്എസ്എല്‍സിയുടെയും പ്ലസ് വണിൻറെയും ചോദ്യപേപ്പറുകളാണ് തലേ ദിവസം യൂ ട്യൂബ് ചാനലുകള്‍ ചോർത്തി നല്‍കിയത്. ഏറ്റവും അധികം ചോദ്യങ്ങള്‍ വന്ന എംഎസ് സൊല്യൂഷൻസ് ആണ് സംശയനിഴലില്‍. താല്‍ക്കാലിമായി യൂ ട്യൂബ് ചാനലിൻറെ പ്രവർത്തനം നിർത്തുകയാണെന്ന് സ്ഥാപനത്തിൻ്റെ സിഇഒ എംഎസ് ഷുഹൈബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാദം ശക്തമായതിന് ശേഷം കൊടുവള്ളിയിലെ സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. എതിരാളികളായ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു എംഎസ് സൊല്യൂഷൻസിൻ്റെ ആദ്യ വാദം. ചോദ്യപേപ്പർ ചോർച്ചക്ക് പുറമെ കൂടുതല്‍ കടുത്ത പരാതികളാണ് സ്ഥാപനം നേരിടുന്നത്. ക്ലാസെടുക്കുന്നതിനിടെ മുണ്ടഴിക്കുന്നതിൻ്റെയടക്കമുള്ള വീഡിയോ പുറത്തുവന്നിരുന്നു. എംഎസ് സൊലൂഷനും അധ്യാപകരും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സംശയം. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപകരുടെ പേരു വിവരങ്ങള്‍ നല്കാൻ പ്രധാന അധ്യാപകരോട് കോഴിക്കോട് ഡിഡിഇ ആവശ്യപ്പെട്ടു. ചോർച്ചയും ഭാവിയില്‍ ചോരുന്നത് ഒഴിവാക്കാനുമുള്ള നടപടികള്‍ ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചത്.