ദില്ലി: “പലസ്തീൻ” എന്നെഴുതിയ ബാഗ് ധരിച്ച് പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന് ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ഭരണകക്ഷിയായ ബിജെപിയില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. വയനാട്ടില്‍ നിന്ന് വിജയിച്ച ശേഷം ആദ്യമായാണ് പ്രിയങ്കാഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തിനെത്തുന്നത്.
മാസങ്ങളായി ഗസയിലെ ഇസ്രായേല്‍ സൈന്യത്തിൻ്റെ നടപടികള്‍ക്കെതിരെ ശബ്ദമുയർത്തി വരികയാണ് പ്രിയങ്കാ ഗാന്ധി. ഗാസയില്‍ ഇസ്രായേല്‍ ഗവണ്മെന്റ് നടത്തുന്നത് വംശഹത്യ നടപടിയാണെന്ന് പ്രതികരിച്ച പ്രിയങ്കാ ഗാന്ധി നേരത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ചിരുന്നു. ബാഗില്‍ പലസ്തീന് എന്ന എഴുത്തിനു പുറമേ പലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പ്രതീകമായ തണ്ണിമത്തനും ഇടം നേടിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞയാഴ്ച, ന്യൂഡല്‍ഹിയിലെ പലസ്തീൻ എംബസിയുടെ ചുമതലയുള്ള അബേദ് എല്‍റാസെഗ് അബു ജാസറുമായും അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം പ്രിയങ്കയുടെ പലസ്തീന് ഐക്യദാര്‍ഢ്യത്തിന് രൂക്ഷമായ എതിര്‍പ്പാണ് ബിജെപി എംപി ഗുലാം അലി ഖതാന പ്രകടിപ്പിച്ചത്. എന്നാല്‍ വാർത്തളാകാന്‍ വേണ്ടിയാണ് ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും ജനങ്ങളാല്‍ തിരസ്കരിക്കപ്പെടുമ്പോള്‍ അവർ ഇത്തരം കാര്യങ്ങളിലേക്ക് തിരിയുന്നുവെന്നും അദ്ദേഹം വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.