ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാള്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഇളയരാജ. പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്ക്കാറില്ലെന്നും ഇളയരാജ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം പ്രത്യക്ഷപ്പെട്ടത്.
ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകള്‍ കൊഴുത്തതോടെയാണ് ഇളയരാജ തന്നെ പ്രതികരിച്ച് രംഗത്തെത്തിയത്. ഇളയരാജ പ്രാര്‍ത്ഥിക്കാനായി അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴാണ് ക്ഷേത്രം അധികൃതരും ഭക്തരും തടഞ്ഞത്. ആചാര ലംഘനമാണെന്നാരോപിച്ചാണ് അർത്ഥമണ്ഡപത്തിലേക്കുള്ള പ്രവേശനം തടഞ്ഞത്. തുടർന്ന് അർത്ഥമണ്ഡപത്തിന് പുറത്ത് നിന്ന് പ്രാർഥന നടത്തിയ ഇളയരാജയെ പൂജാരികള്‍ ഹാരമണിയിച്ച് ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്വീകരണവും നല്‍കി. സംഭവം പുറം ലോകമറിഞ്ഞതോടെ ഇളയരാജയെ തടഞ്ഞ നടപടിക്കെതിരെയുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഇന്നലെ ക്ഷേത്രത്തില്‍ പ്രാർത്ഥനയ്ക്ക് എത്തിയ തിരുവണ്ണാമലൈ ജില്ലാ കളക്ടര്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു. ചര്‍ച്ചകള്‍ നീണ്ടു പ്രശ്നം കൂടുതല്‍ രൂക്ഷമാകുമെന്ന സാഹചര്യത്തിലാണ് പ്രതികരണം.
‘അന്നക്കിളി’ എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച ഇളയരാജ 45 വർഷത്തിലേറെയായി തമിഴ് സിനിമാ മേഖലയിലും പ്രവര്‍ത്തിച്ചു വരികയാണ്. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘വിടുതലൈ പാര്‍ട്ട്- 2’ ഡിസംബർ 20 ന് റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ വിവാദം.