സിനിമ ഡസ്ക് : തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററെത്തി. സന്മനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് തുടങ്ങിയ സിനിമകളിൽ കണ്ട ആ ‘തനിനാടൻ മോഹൻലാൽ’ കഥാപാത്രത്തെ ഇവിടെയും കാണാം എന്ന് ഉറപ്പ് നൽകുന്നതാണ് പുതിയ പോസ്റ്ററും. മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ കണ്ടപ്പോൾ ഭ്രമരത്തിലെ മോഹൻലാലിനെ ഓർമ്മ വന്നു എന്നാണ് ഛായാഗ്രഹകൻ ഫായിസ് സിദ്ദിഖ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
‘തുടരു’മിലെ വിഷ്വലുകൾ ഞാൻ കണ്ടിരുന്നു. ഇമോഷൻ ആയിക്കോട്ടെ, എക്സ്പ്രെഷൻ ആയിക്കോട്ടെ ലാലേട്ടൻ ഈ സിനിമയിൽ ഞെട്ടിച്ചിട്ടുണ്ട്. ഭ്രമരത്തിൽ എന്ത് ഫീലാണോ കിട്ടിയത് ആ ഫീൽ തുടരും വിഷ്വലുകൾ കണ്ടപ്പോൾ എനിക്ക് അനുഭവപ്പെട്ടു’, എന്നാണ് സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.’ഓപ്പറേഷന് ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര് സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.