കൊച്ചി : കൊച്ചി നഗര മധ്യത്തിൽ കോളജ് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ കൈയ്യാങ്കളി. പൊലീസ് നോക്കിനിൽക്കെ എറണാകുളം ലോ കോളജ് വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. ലോ കോളജിലെ ഒരു വിദ്യാർഥിനിയോട് ബസ് ജീവനക്കാർ മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.വിദ്യാർഥിനിയോട് ബസ് ജീവനക്കാർ മോശമായി പെരുമാറിയ സംഭവം ബസ് തടഞ്ഞു നിർത്തി കോളജിലെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്യുകയും പിന്നീട് അതൊരു സംഘർഷത്തിലേക്കും കയ്യാങ്കളിയിലേക്കും മാറുകയും ആയിരുന്നു.സംഭവം ചോദ്യം ചെയ്ത കോളജിലെ തന്നെ ഒരു വിദ്യാർത്ഥിനിയുടെ കാലിലൂടെ ജീവനക്കാർ ബസ് കയറ്റിയതായും പരാതിയുണ്ട്.
സംഭവ സ്ഥലത്ത് പൊലീസിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അവർ പ്രശ്നത്തിൽ കാര്യമായി ഇടപെട്ടില്ലെന്നും പരാതിയുണ്ട്. ഗോഡ്സൺ എന്ന സ്വകാര്യ ബസിലെ ജീവനക്കാരും ലോ കോളേജ് വിദ്യാർഥികളും തമ്മിലാണ് സംഘർഷം രൂപപ്പെട്ടത്. അര മണിക്കൂറോളം നീണ്ടു നിന്ന സംഘർഷത്തിൻ്റെ ഭാഗമായി പ്രദേശത്ത് വലിയ ഗതാഗതകുരുക്കും രൂപപ്പെട്ടിരുന്നു.