തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ ആറാട്ടിനിറങ്ങുമ്പോൾ, ഇടം വലം നിന്ന രണ്ടു പേരില്ലെന്നത് ദുഖമായി മാറുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ആറാട്ട്’ ഫെബ്രുവരി 18 വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുകയാണ്.
മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. എന്നാൽ, സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ്് ദു:ഖഭരിതമായ വിശേഷങ്ങളാണ് തുടർച്ചയായി പുറത്ത് വരുന്നത്.
ആറാട്ടിന്റെ ഭാഗമായിരുന്ന മൂന്ന് സിനിമാ പ്രവർത്തകരാണ് ഇതിനകം അന്തരിച്ചത്. ഏറ്റവും ഒടുവിൽ, മലയാള സിനിമാലോകത്തെ ആകെ ദു:ഖത്തിലാഴ്ത്തി കോട്ടയം പ്രദീപും അരങ്ങൊഴിഞ്ഞു. ആറാട്ടിൽ ബി ഉണ്ണികൃഷ്ണന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന ജയൻ കൃഷ്ണയുടെ മരണ വാർത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. 2021 ഓഗസ്റ്റ് 28 ന് ആയിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ജയൻ മരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നര മാസങ്ങൾക്കപ്പുറം 2021 ഒക്ടോബർ 11 ന് അതുല്യ പ്രതിഭ നെടുമുടി വേണുവും അന്തരിച്ചു. ആറാട്ടിൽ പ്രധാന വേഷങ്ങളിൽ ഒന്ന് അവതരിപ്പിച്ചത് നെടുമുടി വേണു ആയിരുന്നു. നാല് മാസങ്ങൾക്കപ്പുറം ഇപ്പോൾ കോട്ടയം പ്രദീപും അപ്രതീക്ഷിതമായി വിടവാങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആരാധകരിലും ചില ആശങ്കകൾ ബാക്കിയാണ്.
സിനിമയുമായി ബന്ധപ്പെട്ട, മൂന്ന് പ്രധാന വ്യക്തികൾ റിലീസിന് മുമ്പേ മരിച്ചത് സിനിമയുടെ വിജയത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അത്രയേറെ ശക്തമായി നിലനിൽക്കുന്ന ഒരു മേഖലയാണ് സിനിമ എന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം.
കോട്ടയം പ്രദീപിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ വിയോഗത്തെ കുറിച്ചും അദ്ദേഹം അതിൽ പരാമർശിക്കുന്നുണ്ട്. ആറാട്ടിൽ പ്രദീപും മോഹൻലാലും തമ്മിലുള്ള കോമ്ബിനേഷൻ സീൻ രസകരമായിരുന്നു എന്നും ബി ഉണ്ണികൃഷ്ണൻ കുറിച്ചിട്ടുണ്ട്.
ആർ ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർഡി ഇല്ലുമിനേഷൻസ്, ശക്തി (എംപിഎം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. കെജിഎഫിൽ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലൻ. എആർ റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്.
വിജയ് ഉലഗനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.