കൊച്ചി: കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തില്‍ കിണറില്‍ നിന്നുള്ള വെള്ളമാണ് പ്രഭവകേന്ദ്രമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി രാജീവ്. ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നാണ് രോഗവ്യാപനം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. കളമശ്ശേരിയിലെ 10,12,13 വാർഡുകളിലാണ് രോഗവ്യാപനം. ഈ വാർഡുകളില്‍ ക്യാമ്പ് നടത്തുമെന്നും ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മൂന്ന് വാർഡുകളില്‍ നിന്നുമായി 13 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ ചിലരുടെ നില ഗുരുതമാണ്. പത്താം വാര്‍ഡായ പെരിങ്ങഴയിലും പന്ത്രണ്ടാം വാര്‍ഡായ എച്ച്എംടി കോളനി എസ്റ്റേറ്റിലും പതിമൂന്നാം വാര്‍ഡായ കുറുപ്രയിലും നിരവധിപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. വ്യാപനം തടയാനാവശ്യമായ നടപടികള്‍ തുടരുകയാണെന്ന് നഗരസഭാ ചെയര്‍പേര്‍സണ്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈ കഴുകുന്നതും പാത്രം കഴുകുന്നതും ശുദ്ധജലത്തിലാക്കാന്‍ ശീലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ശുചിമുറി മാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും രോഗവ്യാപനത്തിന് കാരണമായേക്കാം. വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ ഐസും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധനകളും നടക്കുന്നുണ്ട്.