മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഇന്നു മുതൽ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരവും വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെടുന്നതാണ്. ഞായറാഴ്ചകളിൽ രാവിലെ 6.15-നും 8.30-നും പതിവു പോലെ വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെടുന്നത് കൂടാതെ വൈകുന്നേരം 6.30-ന് സന്ധ്യാ പ്രാർത്ഥനയും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും നടത്താനാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ കാരണങ്ങളാൽ രാവിലെയുള്ള വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാൻ സാധിക്കാത്ത ഇടവകാംഗങ്ങളുടെയും , മണർകാട് പള്ളിയിൽ എത്തിച്ചേരുന്ന മറ്റ് വിശ്വാസികളുടെയും സൗകര്യത്തെ കരുതിയാണ് ഇത്തരത്തിൽ ഒരു ക്രമീകരണം പള്ളിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധ സഭക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും, പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷകളും ഉൾപ്പെടുത്തി എല്ലാ ബുധനാഴ്ചകളിലും രാവിലെ 10.30 മുതൽ 12.30 വരെയുള്ള സമയത്ത് ഈ വർഷം മുതൽ ആരംഭിച്ച് നടത്തിവരുന്ന പ്രാർത്ഥനകളിലും വെള്ളിയാഴ്ച ദിവസങ്ങളിൽ നടത്തിവരുന്ന ഉച്ച വരെയുള്ള ധ്യാന ശുശ്രൂഷയിലും നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്ത് അനുഗ്രഹീതരാകുന്നുണ്ട്. ഞായറാഴ്ചകളിൽ 3 കുർബ്ബാനയും മറ്റ് ദിവസങ്ങളിൽ ഒരു കുർബ്ബാനയും ആണ് മണർകാട് പള്ളിയിൽ ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരവും വിശുദ്ധ കുർബ്ബാന ക്രമീകരിക്കണമെന്ന ഇടവകാംഗങ്ങളുടെ ഏറെ നാളായിട്ടുള്ള ഒരു ആവശ്യമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത് എന്ന് ഇടവക വികാരി വെരി.റവ. ഇ.റ്റി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കോർഡിനേറ്റർ വെരി. റവ. കെ. കുറിയാക്കോസ് കോർഎപ്പിസ്കോപ്പാ കിഴക്കേടത്ത് എന്നിവർ അറിയിച്ചു.