കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ഭീഷണി നേരിട്ട അധ്യാപകൻ ഹക്കീം വെണ്ണക്കാട്. കൊടുവള്ളിയിലെ പണച്ചാക്കുകളുടെ സമ്മർദ്ദത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നത്. പരാതി നല്കി ഒരാഴ്ച കഴിഞ്ഞിട്ടും എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനെ ചോദ്യംചെയ്യാൻ പോലും തയ്യാറായിട്ടില്ലെന്ന് ഹക്കീം വെണ്ണക്കാട് പറഞ്ഞു. ഷുഹൈബ് നേരത്തെ ഭീഷണി മുഴക്കിയതായി അധ്യാപകൻ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തുന്ന ഓഡിയോയും പുറത്തുവിട്ടിരുന്നു.
തെളിവ് നശിപ്പിക്കാൻ സമയം നല്കിയ ശേഷമാണ് എം എസ് സൊല്യൂഷൻസില്‍ റെയ്ഡ് നടത്തിയതെന്നും അധ്യാപകൻ ആരോപിച്ചു. ഷുഹൈബിന് മുൻകൂർജാമ്യം കിട്ടും വരെ അറസ്റ്റ് വൈകിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. വിഷയം പാർട്ടി നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഹക്കീം പറഞ്ഞു. ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയില്‍ ചക്കാലക്കല്‍ ഹൈസ്കൂള്‍ അധികൃതർ മുമ്പ് പരാതി നല്‍കിയിരുന്നു. പരാതിയില്‍ തുടർ നടപടികളുണ്ടായില്ലെന്ന് കെഎസ്ടിഎ നേതാവ് കൂടിയായ ഹക്കീം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഓണപരീക്ഷയുടെ സമയത്താണ് ഷുഹൈബ് ഫോണില്‍ ഭീഷണിപ്പെടുത്തിയതെന്ന് അധ്യാപകൻ ഹക്കീം പറഞ്ഞു. ഓണ്‍ലൈൻ സ്ഥാപനങ്ങള്‍ പ്രവചിക്കുന്ന ചോദ്യങ്ങള്‍ മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നു. അവർ ചോദ്യങ്ങള്‍ ചോർത്തിയാണ് കൊടുക്കുന്നതെന്ന് സംശയിച്ചിരുന്നു. എസ്എസ്എല്‍സി ഫൈനല്‍ പരീക്ഷയില്‍ അവർ പറയുന്ന ചോദ്യങ്ങള്‍ വന്നിരുന്നില്ല. കുട്ടികളോട് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഷുഹൈബ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ കൊടുവള്ളി പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നു. ഇനി ഇതൊന്നും ആവർത്തിക്കില്ലെന്ന് പറഞ്ഞതിനാല്‍ ഷുഹൈബിനെ താക്കീത് നല്കി വിടുകയാണ് ചെയ്തതെന്ന് ഹക്കീം പറഞ്ഞു.