തൃശ്ശൂർ: വാഹനത്തില്‍ സിഎൻജി നിറയ്ക്കാൻ പമ്പിലെത്തിയ കാർ ഡ്രൈവറെ പമ്പ് ജീവനക്കാരൻ തലയ്ക്കടിച്ചു. ഇരിങ്ങാലക്കുടയിലാണ് സംഭവം. കാറുമായി പമ്പിലെത്തിയ 52കാരൻ ഷാന്റോയ്ക്കാണ് മർദനമേറ്റത്. പമ്പിലെത്തി ഏറെ നേരമായിട്ടും ഇന്ധനം നിറയ്ക്കാൻ ആരും എത്താത്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം.
സിഎൻജി നിറയ്ക്കാൻ പമ്പിലെത്തി ഏറെ നേരം കാത്തു നിന്നിട്ടും ആരും വരാത്തതിനെ തുടർന്ന് വാഹനം മുന്നിലേക്ക് എടുത്തിട്ടു. ഇതില്‍ പ്രകോപിതനായാണ് പമ്പ് ജീവനക്കാരനായ കൂളിമുട്ട സ്വദേശി കിള്ളിക്കുളങ്ങര സജീവൻ എന്നയാള്‍ ഡ്രൈവറുമായി തർക്കം തുടങ്ങിയത്. തുടർന്ന് സിഎൻജി അടിച്ചു തരാൻ കഴിയില്ലെന്ന് പറഞ്ഞു. വാക്കു തർക്കത്തിനൊടുവിലാണ് പമ്പിലുണ്ടായിരുന്ന അലൂമിനിയം പൈപ്പ് എടുത്ത് ജീവനക്കാരൻ ഷിന്റോയുടെ തലയ്ക്കടിച്ചത്. തല പൊട്ടി രക്തം വാർന്നൊഴുകുന്ന നിലയില്‍ പമ്പില്‍ നില്‍ക്കുകയായിരുന്ന ഷിന്റോയെ ആശുപത്രിയില്‍ കൊണ്ടു പോകാൻ പമ്പ് ജീവനക്കാർ ഉള്‍പ്പെടെ ആരും തയ്യാറായതുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റ് അറിഞ്ഞതിനെ തുടർന്ന് അദ്ദേഹമാണ് പൊലീസിനെ വിളിച്ച് കാര്യം പറഞ്ഞത്. പിന്നീട് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. പമ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ രക്ഷിക്കാനാണ് പമ്പ് ജീവനക്കാരടക്കം ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.