തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ വിയോഗത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി കൂടെ പ്രവർത്തിച്ചവർ. പ്രധാനമന്ത്രിയായിരുന്ന വേളയില്‍ മൻമോഹൻ സിങിനെ വേദനിപ്പിച്ച പല സംഭവങ്ങളും ചുറ്റും നടക്കുന്നുണ്ടായിരുന്നുവെന്ന് പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായർ വെളിപ്പെടുത്തി. എന്നാല്‍ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും മൻമോഹൻ സിങ് നടത്തിയില്ലെന്നും ടികെഎ നായർ പറയുന്നു. രാഹുല്‍ ഗാന്ധി ഓഡിനൻസ് കീറിയെറിഞ്ഞത് മൻമോഹൻ സിങിനെ ഏറെ അലട്ടിയെന്നും പിജെ കുര്യൻ പറഞ്ഞു. പക്ഷേ പാർട്ടി അച്ചടക്കം മൻമോഹൻ സിങ് പാലിച്ചെന്നും പിജെ കുര്യൻ പറയുന്നു.
പ്രധാനമന്ത്രിയായി അധികാരമേറ്റത് മൻമോഹൻ സിങായിരുന്നെങ്കിലും യുപിഎ കാലത്തെ രാഷ്ട്രീയ അധികാരം സോണിയ ഗാന്ധിയുടെ കൈയ്യില്‍ തന്നെയായിരുന്നു. ആണവകരാർ വിഷയത്തിലുള്‍പ്പടെ മൻമോഹൻ സിങിനെ പിന്തിരിപ്പിക്കാൻ പാർട്ടിക്കുള്ളില്‍ ഒരു വിഭാഗം ശ്രമിച്ചു. തന്നെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കാൻ പോലും ചില ശ്രമങ്ങളുണ്ടെന്ന് അന്ന് മൻമോഹൻ സിങ് മനസ്സിലാക്കിയിരുന്നു. ചുറ്റും നടക്കുന്ന ചില കാര്യങ്ങളില്‍ മൻമോഹൻ സിങ് വിഷമിച്ചുവെന്ന ടികെഎ നായരുടെ വാക്കുകള്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാക്കിയ ആശയക്കുഴപ്പത്തിൻറെ കൂടി സൂചനയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു കൊല്ലമോ കൂടുതലോ ജയില്‍ ശിക്ഷ കിട്ടുന്ന കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവർ അയോഗ്യരാകുന്ന നിയമം മാറ്റാനുള്ള ഓഡിനൻസ് രാഹുല്‍ ഗാന്ധി കീറിയെറിഞ്ഞത് യുപിഎ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അന്ന് അമേരിക്കൻ സന്ദർശനത്തിലായിരുന്ന മൻമോഹൻ സിങ് രാജികത്ത് എഴുതി പോക്കറ്റിലിട്ടുവെന്ന സൂചനയാണ് അദ്ദേഹത്തെ അനുഗമിച്ച മാധ്യമപ്രവർത്തകർക്ക് കിട്ടിയത്. ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയ ആണ് രാജിയില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്.