കാഞ്ഞിരപ്പള്ളി: സെൻ്റ് ഡൊമിനിക്സ് കോളജിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓർമ്മച്ചെപ്പ്’ നൂറുകണക്കിന്നു വിദ്യാർത്ഥികളുടെ പുനസമാഗമത്തിനു വേദിയായിത്തീർന്നു. രാവിലെ കോളജ് മാനേജർ ഫാ വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളജിൻ്റെ രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. മികവിനൊപ്പം മൂല്യങ്ങളും സ്വന്തമാക്കി വളരാനാണ് സെൻ്റ് ഡൊമിനിക്സ് കോളജ് അവസരമൊരുക്കുന്നതെന്നും ലോകമെമ്പാടുമുള്ള പൂർവ്വവിദ്യാർത്ഥികളാണ് കോളജിൻ്റെ സ്വത്ത് എന്നും അദ്ദേഹം പറഞ്ഞു.
പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി കൂടിയായ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിനിയും മാധ്യമപ്രവർത്തകയുമായ മാതു സജി നിർവ്വഹിച്ചു. സാഹിത്യകാരിയും പുർവ്വവിദ്യാർത്ഥിനിയുമായ റോസ് മേരി ഓർമ്മകൾ പങ്കുവച്ചു. പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, സംഘാടകസമിതി പ്രസിഡൻ്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, വിരമിച്ച ജീവനക്കാരുടെ പ്രതിനിധി പ്രൊഫ സി ഏ തോമസ്, വജ്രജൂബിലി കമ്മിറ്റി കൺവീനർ പ്രൊഫ ബിനോ പി ജോസ് എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ പങ്കെടുത്ത അദ്ധ്യാപകരെ ആദ്യകാല വിദ്യാർത്ഥികൾ പൊന്നാടയണിയിച്ച് ആദരിച്ചു. പൊതുസമ്മേളനത്തിനു ശേഷം നടന്ന ഗാനമേളക്കും പൂർവ്വവിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾക്കും ഷൈൻ മടുക്കക്കുഴി നേതൃത്വം നൽകി. കോളജിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ചാണ് പൂർവ്വവിദ്യാർത്ഥി മഹാസംഗമം സംഘടിപ്പിച്ചത്. വിവിധ ബാച്ചുകളിൽ നിന്നായി നൂറു കണക്കിനു പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. ബർസാർ ഫാ മനോജ് പാലക്കുടി, ഇ ജെ ജോണി, പ്രോഗ്രാം കമ്മറ്റി കൺവീനർ പ്രൊഫ പ്രതീഷ് ഏബ്രഹാം, പി ആർ ഓ ജോജി വാളിപ്ലാക്കൽ, ഐ ടി കോഡിനേറ്റർ ജയിംസ് പുളിക്കൽ, സെക്രട്ടറി റോബർട്ട് വി മൈക്കിൾ എന്നിവർ നേതൃത്വം നൽകി.