കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിയില്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയും പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. സിനിമാതാരങ്ങള്‍ക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പരാതി ഇല്ലെന്നും കമ്മീഷ്ണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മൃദംഗ വിഷനായിരുന്നു പരിപാടിയുടെ സംഘാടകർ. ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി നടത്തിയ പരിപാടിയിലാണ് ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റത്.
സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്ക് നല്കിയ അനുമതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘാടകരെ ചോദ്യം ചെയ്യുന്നുണ്ട്. പൊലീസിനെ അറിയിച്ചിരുന്നുവെന്നാണ് വിവരം. പരിപാടിക്കായി പൊലീസ് ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങേണ്ടത് സംഘാടകരാണ്. ഇത് പരിശോധിക്കും. പിഡബ്ല്യുഡി സ്റ്റേജ് കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അവർ റിപ്പോർട്ട് നല്‍കുമെന്നും കമ്മീഷ്ണർ പറഞ്ഞു.