പാലാ : ചീഫ് വിപ്പിൻറെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ട ആളെ കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് ആയി നിയമിക്കുകയും മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് ചുമതലപ്പെടുത്തുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇവർ പൊതുഖജനാവിലെ പണം കൈപ്പറ്റുകയും മുഴുവൻ സമയ പാർട്ടി പ്രവർത്തകർ ആകുകയും ചെയ്യുന്നത് സംസ്ഥാന ഖജനാവിനു വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. പാർട്ടി ഭാരവാഹികൾക്ക് പണം നൽകാനുള്ള കുറുക്കുവഴിയായി പേഴ്സണൽ സ്റ്റാഫ് നിയമനം മാറ്റുന്നത് അധികാര ദുർവിനിയോഗമാണ്.
കേരള കോൺഗ്രസ് എം പാലാ മണ്ഡലം പ്രസിഡൻറ് ബിജു പാലൂർപടവിൽ നിലവിൽ ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് എൻ ജയരാജിൻറെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണ്. ഒരു ദിവസം പോലും അദ്ദേഹം തൻറെ ഔദ്യോഗിക ചുമതല നിർവഹിച്ചതായി അറിയുവാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി പാലാ മണ്ഡലത്തിൽ തന്നെയുണ്ട്. ഇത്തരത്തിൽ പതിനായിരക്കണക്കിന് രൂപ സർക്കാർ ശമ്പളം കൈപ്പറ്റി കൊണ്ട് പാർട്ടി പ്രവർത്തനം നടത്തുന്നത് അധാർമികം ആണെന്നും ഈ നിലപാട് തിരുത്തുവാൻ കേരള കോൺഗ്രസ് തയ്യാറാവണമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.