“താരനിര്‍ണയം നടക്കുന്നു; എത്തുക മുംബൈ പശ്ചാത്തലമാക്കുന്ന കഥ”; ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റ വിശേഷങ്ങളുമായി ചിദംബരം

മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമാണ് മ‍ഞ്ഞുമ്മല്‍ ബോയ്സ്. ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ എത്തിയ ആദ്യ മലയാള ചിത്രവും. മലയാളികള്‍ക്ക് പുറത്ത്, മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളിലെത്തി കണ്ട ചിത്രമാണ് ഇത്. വിശേഷിച്ചും തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ റിലീസ് സമയത്ത് ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചു ഈ ചിത്രം. മഞ്ഞുമ്മല്‍ ബോയ്സിലൂടെ ഇന്ത്യ മുഴുവനും അറിയപ്പെട്ട സംവിധായകന്‍ ചിദംബരം തന്‍റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ വരാനിരിക്കുന്നത് ഏത് ഗണത്തില്‍ പെടുന്ന ചിത്രം ആയിരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം.

Advertisements

ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം ഇതേക്കുറിച്ച് പറയുന്നത്. ഹിന്ദിയില്‍ ചെയ്യാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചിദംബരത്തിന്‍റെ മറുപടി ഇങ്ങനെ- ഡെവലപ്‍മെന്‍റ് ഘട്ടത്തിലാണ് ഈ ചിത്രം. താരനിര്‍ണയമൊക്കെ നടക്കുന്നതേയുള്ളൂ. മുംബൈ പശ്ചാത്തലമാക്കുന്ന ഒരു കഥ തന്നെയാണ്. ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമ പോലത്തെ പരിപാടിയാണ്. ഫാന്‍റം ആണ് നിര്‍മ്മിക്കുന്നത്. ഞാന്‍ തന്നെയാണ് എഴുതുന്നത്. ഹിന്ദിയില്‍ ഒരു സംഭാഷണ രചയിതാവ് ഉണ്ട്, ചിത്രത്തെക്കുറിച്ച് തല്‍ക്കാലം ഇത്രമാത്രമേ പറയാനുള്ളൂവെന്നും ചിദംബരം പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിര്‍മ്മാതാക്കള്‍ തന്നെയാണ് ചിദംബരം ബോളിവുഡില്‍ അരങ്ങേറുന്ന വിവരം കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചത്. അനന്യമായ വീക്ഷണവും കഥപറയല്‍ ശേഷിയും കൊണ്ട് തെന്നിന്ത്യയില്‍ ഇതിനകം മുദ്ര പതിപ്പിച്ച ചിദംബരത്തിനൊപ്പം, അദ്ദേഹത്തിന്‍റെ ഹിന്ദി സിനിമാ അരങ്ങേറ്റത്തില്‍ കൂടെച്ചേരാന്‍ ഏറെ ആവേശമുണ്ടെന്ന് ഫാന്‍റം സ്റ്റുഡിയോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. 

മധു മണ്ടേന, അനുരാഗ് കശ്യപ്, വികാസ് ബാല്‍, വിക്രമാദിത്യ മോട്‍വാനെ തുടങ്ങിയവര്‍ ചേര്‍ന്ന് 2010 ല്‍ തുടങ്ങിയ നിര്‍മ്മാണ കമ്പനിയാണ് ഫാന്‍റം സ്റ്റുഡിയോസ്. ലൂടെര, ക്വീന്‍, അഗ്ലി, എന്‍എച്ച് 10, മസാന്‍, ഉഡ്താ പഞ്ചാബ്, രമണ്‍ രാഘവ് 2.0, ട്രാപ്പ്ഡ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും സേക്രഡ് ഗെയിംസ് അടക്കമുള്ള സീരീസുകളും നിര്‍മ്മിച്ചിട്ടുള്ള ബാനര്‍ ആണ് ഫാന്‍റം സ്റ്റുഡിയോസ്.

Hot Topics

Related Articles