കൊൽക്കത്ത: മൂന്നാം ട്വന്റ് 20യും തൂത്തുവാരിയെടുത്ത് ടീം ഇന്ത്യ. വിൻഡീസിനെ തകർത്ത് തരിപ്പണമാക്കി ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റ് 20യും സ്വന്തമാക്കി ടീം ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ടി ട്വന്റിയിൽ വെസ്റ്റിൻഡീസിനെ ഇന്ത്യ 17 റണ്ണിന് തകർത്തു. ടോസ് നേടിയ വെസ്റ്റിൻഡീസ് ക്യാപ്ടൻ നിക്കോളാസ് പൂരാൻ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 184 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസിന് 167 റണ്ണെടുക്കാൻ മാത്രമേ സാധിച്ചുള്ളു.
നാല് ഓവറിൽ 22 റൺ മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഹർഷൽ പട്ടേലാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. പട്ടേലിന് മികച്ച പിന്തുണയുമായി ശാർദൂൽ താക്കൂറും തിളങ്ങി. നാല് ഓവറിൽ 33 റൺ നൽകി താക്കൂർ രണ്ട് വിക്കറ്റുകളും വീഴ്ത്തി. സമ്മർദ്ദമേറിയ അവസാന ഓവർ എറിഞ്ഞതും താക്കൂറായിരുന്നു. വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ എന്നിവരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ഘട്ടത്തിൽ 13 ഓവറിൽ നാല് വിക്കറ്റിന് 93 എന്ന നിലയിലായിരുന്ന ഇന്ത്യയെ, വെങ്കിടേഷ് അയ്യറിന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് മികച്ച സ്കോറിൽ എത്തിച്ചത്. സൂര്യകുമാർ യാദവ് 31 പന്തിൽ 65 റണ്ണെടുത്തപ്പോൾ വെങ്കിടേഷ് അയ്യർ 19 പന്തിൽ 35 റണ്ണെടുത്തു. അഞ്ചാം വിക്കറ്റിൽ ഒത്തുച്ചേർന്ന ഇരുവരും 37 പന്തിൽ 91 റണ്ണാണ് അടിച്ചുകൂട്ടിയത്. അവസാന അഞ്ച് ഓവറിൽ മാത്രം ഇരുവരും ചേർന്ന് 86 റൺ കൂട്ടിച്ചേർത്തു.
അവസാന ടി ട്വന്റിയിൽ വിശ്രമം അനുവദിക്കപ്പെട്ട വിരാട് കൊഹ്ലിക്കും റിഷഭ് പന്തിനും പകരമായി ഓപ്പണർ റിതുരാജ് ഗെയ്ക്വാദും ശ്രേയസ് അയ്യറും ടീമിലെത്തി. ഗെയ്ക്വാദിനെ ഓപ്പണറാക്കുകയും ശ്രേയസ് അയ്യറിനെ മൂന്നാമതായും ഇറക്കിയ ക്യാപ്ടൻ രോഹിത് ശർമ്മ സ്വയം നാലാം സ്ഥാനത്തേക്ക് ഇറങ്ങി.
തുടക്കത്തിൽ തന്നെ നാല് റണ്ണെടുത്ത് ഗെയ്ക്വാദിനെ ഹോൾഡറിന്റൈ പന്തിൽ മേയേഴ്സ് പിടിച്ച് പുറത്താക്കി. സ്കോർ 63ൽ എത്തിയപ്പോൾ അടുത്തടുത്ത് ശ്രേയസ് അയ്യറും (25) ഇഷാൻ കിഷനും (34) പുറത്തായതോടെ ക്രീസിലെത്തിയ രോഹിത് ശർമ്മയും ഏഴ് റണ്ണുമായി മടങ്ങി. തുടർന്ന് ക്രീസിൽ ഒരുമിച്ച വെങ്കിടേഷ് അയ്യറും സൂര്യകുമാർ യാദവും ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കുകയായിരുന്നു.