ഗോവ: പെൺകുട്ടികൾക്കൊപ്പമുള്ള കളിയ്ക്കു ശേഷമാണ് വരുന്നതെന്ന് സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം സന്ദേശ് ജിങ്കന്റെ പരാമർശം വിവാദമായി. ഒടുവിൽ മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കാൻ രക്ഷപെടാൻ നോക്കിയെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയ്ക്ക് കലിപ്പടങ്ങിയില്ല.
കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള ഐഎസ്എൽ മത്സരത്തിന് ശേഷം നടത്തിയ സെക്സിസ്റ്റ് പരാമർശത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് മുൻ ബ്ലാസ്റ്റേഴ്സ് താരവും എ ടി കെ മോഹൻ ബഗാൻ താരവുമായ സന്ദേശ് ജിങ്കാനാണ് രംഗത്ത് എത്തിയിരിക്കുന്നത്. എടികെ മോഹൻ ബഗാന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വീഡിയോയാണ് വിവാദത്തിന് തിരിതെളിച്ചത്. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങവെയായിരുന്നു ജിങ്കാന്റെ വിവാദ പരാമർശം. ”ഔരതോം കി സാഥ് മാച്ച് ഖേൽ ആയാ ഹൂം” (പെൺകുട്ടികൾക്കൊപ്പമുള്ള കളിക്ക് ശേഷമാണ് വരുന്നത്) എന്നാണ് ജിങ്കാൻ വീഡിയോയിൽ പറയുന്നത്. പരാമർശം സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷധങ്ങൾക്ക് ഇടയാക്കിയതോടെയാണ് താരം മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരം സമനിലയായതിന്റെ നിരാശയിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നും അതിൽ ആരെയും വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജിങ്കാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനെയോ ടീമിലെ താരങ്ങളെയോ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമർശമെന്നും ജിങ്കാൻ പറഞ്ഞു. ‘ആദ്യം പറയേണ്ടത് പറയുന്നു, ഞാൻ നടത്തിയ പരാമർശം ഒരിക്കലും കേരള ബാസ്റ്റേഴ്സിന് എതിരായിരുന്നില്ല. നിങ്ങൾക്ക് അറിയാവുന്നത് പോലെ ഞാൻ എക്കാലത്തും എന്റെ എതിരാളികളെ ബഹുമാനിച്ചിട്ടുണ്ട്.
അതിന് പുറമെ ബ്ലാസ്റ്റേഴ്സിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്, ഇവയ്ക്കെല്ലാം പുറമെ ഒരുപാട് വർഷങ്ങൾ അവർക്ക് വേണ്ടി കളിച്ചിട്ടുള്ള താരമെന്ന നിലയ്ക്ക് ഞാൻ എന്തിന് ആ ക്ലബ്ബിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തണം.’ – ജിങ്കാൻ പറഞ്ഞു.
അതേ സമയം ജിങ്കാന്റെ മുൻ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത് ഒഴിവാക്കി. ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും താരത്തിനെതിരെ ശക്തമായ രീതിയിൽ തന്നെ പ്രതിഷേധം ഉയർത്തി രംഗത്ത് വന്നിട്ടുണ്ട്. ജിങ്കാൻ നടത്തിയ പരാമർശം മോഹൻ ബഗാൻ അവരുടെ സ്റ്റോറിയിൽ നിന്ന് നീക്കിയത് താരത്തെ പുണ്യാളൻ ആക്കില്ലെന്നാണ് മഞ്ഞപ്പടയുടെ പരാമർശം.