കോഴിക്കോട്: ക്രൈംബ്രാഞ്ചിൻ്റെ തുടർച്ചയായ ചോദ്യം ചെയ്യല്‍ മൂലമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്ന് മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ സുഷാരയും പൊലീസിനു മൊഴി നല്‍കി. കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയത്. മാമിയുടെ തിരോധാനത്തില്‍ പങ്കില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. ഗുരുവായൂരില്‍ നിന്നും കോഴിക്കോടേക്ക് എത്തിച്ച ഇരുവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വിട്ടയച്ചു. വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചേക്കും.
വ്യാഴാഴ്ചയാണ് ഇരുവരെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ഗുരുവായൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കോഴിക്കോട് കെഎസ് ആർടിസി സ്റ്റാന്റില്‍ നിന്നും ഇരുവരും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഓട്ടോയില്‍ കയറി നേരെ പോയത് റയില്‍വെ സ്റ്റേഷനിലേക്കായിരുന്നു. അവിടെനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്തായിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് വന്ന പ്രത്യേക അന്വേഷണ സംഘവും നിലവില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതും രജിത് കുമാറിനെയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. തുഷാരയുടെ ഫോണ്‍ പിടിച്ചെടുത്ത അന്വേഷണ സംഘം ഫോറൻസിക് പരിശോധനക്ക് അയച്ചു. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിന് പിറകെയാണ് ഇരുവരെയും കാണാതായത്.