മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റില്‍ പരിക്കുമൂലം കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ് നിര്‍ദേശിച്ചുവെന്നും ഇതോടെ ബുമ്ര ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാനുള്ള സാധ്യത മങ്ങിയെന്നും ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ബുമ്ര വരുന്ന ആഴ്ച ബെംഗലൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ പരിക്കില്‍ നിന്ന് മോചിതനാവാനുള്ള ചികിത്സതേടുമെന്നും എത്ര ദിവസം ബുമ്രക്ക് അവിടെ തുടരേണ്ടിവരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റ പേശികള്‍ കരുത്തുകൂട്ടാനും നീര് പൂര്‍ണമായും വാര്‍ന്നുപോകാനുമായി ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഇതിനുശേഷമെ ബുമ്രക്ക് എപ്പോള്‍ കളിക്കാനാകുമെന്ന് പറയാനാവുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ എളുപ്പം പ്രചരിക്കുമെന്നും അതൊക്കെ കാണുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്നും ബുമ്ര എക്സ് പോസ്റ്റില്‍ പറഞ്ഞു. ഇത്തരം വാര്‍ത്ത ഉറവിടങ്ങളെ വിശ്വസിക്കാനാകില്ലെന്നും ബുമ്ര പോസ്റ്റില്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളില്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെയാണ് ബുമ്രക്ക് പരിക്കേറ്റത്. തുടര്‍ന്ന് സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍10 ഓവര്‍ മാത്രം പന്തെറിഞ്ഞ ബുമ്രക്ക് രണ്ടാം ഇന്നിംഗ്സില്‍ പന്തെറിയാനാവാതിരുന്നത് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ ഇല്ലാതാക്കുകയും ചെയ്തിരുന്നു. പരമ്പരയിലാകെ 32 വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് പരമ്പരയുടെ താരമായത്. മിന്നും ഫോമിലുള്ള ജസ്പ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫിയില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.