കോട്ടയം : ഇ.പി ജയരാജൻ്റേതെന്ന പേരില്‍ ആത്മകഥ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്‍ നല്‍കിയ പരാതിയില്‍ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എവി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. കോട്ടയം ഈസ്റ്റ് പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥില്‍ നിന്നാണ് ആത്മകഥ ഭാഗങ്ങള്‍ ഡിസി വാങ്ങിയത്. രഘുനാഥ് ഉള്‍പ്പെടുത്താത്ത ഭാഗങ്ങള്‍ ഡിസി ബുക്സ് എഴുതി ചേർത്തെന്നും എഫ്‌ഐആറില്‍ പറയുന്നു.
സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടന്‍ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പിഡിഎഫ് പ്രചരിപ്പിക്കപ്പെട്ടിരുന്നു. ശ്രീകുമാറില്‍ നിന്നാണ് ആത്മകഥ ഭാഗങ്ങള്‍ ചോർന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിവാദത്തെ തുടര്‍ന്ന് എ.വി ശ്രീകുമാറിനെ ഡി.സി ബുക്സ് നേരത്തേ സസ്പെന്റ് ചെയ്തിരുന്നു. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു പോലീസ് എഫ്ഐആർ. പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് ഡിസി പരസ്യം ഇറക്കിയിരുന്നു. എന്നാല്‍ പുറത്തു വന്ന വിവാദ ഭാഗങ്ങള്‍ താൻ എഴുതിയതല്ലെന്നാണ് ഇ.പി ജയരാജന്‍ ആദ്യം മുതല്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ പിഡിഎഫ് ചോർന്നതിനു പിന്നാലെ പ്രസിദ്ധീകരണം വൈകുമെന്ന് ഡിസി അറിയിക്കുകയായിരുന്നു.