ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുന്നു. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്കാണ് മാറ്റുന്നത്. വിദഗ്ദ സംഘത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനം. വെന്റിലേറ്റർ സഹായത്തോടെയുള്ള ആംബുലൻസിലായിരിക്കും കുഞ്ഞിനെ കൊണ്ടുള്ള യാത്ര. കുഞ്ഞിൻ്റെ ചികിത്സക്കാവശ്യമുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും.
അതേസമയം, കുഞ്ഞിൻ്റെ ആരോഗ്യാവസ്ഥ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിൻ്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. സ്കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനയില്‍ കുഞ്ഞിൻ്റെ വൈകല്യങ്ങള്‍ കണ്ടെത്താൻ കഴിയാതിരുന്നത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തില്‍ നേരത്തെ 4 ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.