തിരുവനന്തപുരം: വഞ്ചിയൂർ വെടിവെയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ വെടിയേറ്റ യുവതിയുടെ ഭർത്താവ് പിടിയില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്തിനെ കൊല്ലം കണ്ണനല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. സുജിത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി എയർഗണ്‍ കൊണ്ട് വെടിവെച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് വനിതാ ഡോക്ടർ പിടിയിലായത്.
കഴിഞ്ഞവർഷം ജൂലൈയിലാണ് ഈ വെടിവെപ്പ് നടന്നത്. കേസില്‍ പിടിയിലായപ്പോഴാണ് സുജിത്തിനെതിരെ വനിതാ ഡോക്ടർ പീഡന പരാതി നല്‍കിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ മുൻപ് പിആർഒ ആയിരുന്നു സുജിത്ത്. ഇതേ ആശുപത്രിയില്‍ വനിതാ ഡോക്ടറും ഇതേ കാലത്ത് ജോലി ചെയ്തിരുന്നു. സുജിത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഡോക്ടറുടെ പരാതിയിലാണ് പൊലീസ് ഇപ്പോള്‍ യുവാവിനെ കസ്റ്റഡിയിലെടുത്തത്. സുജിത്ത് താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് ഭാര്യയെ ആക്രമിക്കാൻ കാരണമെന്നാണ് വെടിവെപ്പ് കേസില്‍ വനിതാ ഡോക്ടർ പൊലീസിന് മൊഴി നല്‍കിയത്.