തിരുവനന്തപുരം: മണിയാർ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നയത്തെ നിശിതമായി വിമർശിച്ച് രമേശ് ചെന്നിത്തല. നിയമസഭയില്‍ സബ്മിഷനായാണ് വിഷയം അദ്ദേഹം ഉന്നയിച്ചത്. കാർബൊറാണ്ടം കമ്പനിയില്‍ നിന്ന് പദ്ധതി ഏറ്റെടുക്കാൻ എന്താണ് തടസമെന്ന് ചോദിച്ച ചെന്നിത്തല, വ്യവസായ മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും രണ്ട് നിലപാടെന്നും കുറ്റപ്പെടുത്തി. വ്യത്യസ്ത നിലപാടുകളാണ് രണ്ട് വകുപ്പിനുമെന്ന് വൈദ്യുതി മന്ത്രി മറുപടി പറഞ്ഞപ്പോള്‍, കരാർ നീട്ടുന്നതിനെ അനുകൂലിച്ചാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. കാർബൊറാണ്ടം ഉല്‍പ്പാദിപ്പിക്കുന്നതില്‍ അവരുടെ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെഎസ്‌ഇബിക്ക് നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മണിയാർ പദ്ധതി മുപ്പത് വർഷം കഴിയുമ്പോൾ തിരിച്ചെടുക്കണമെന്നാണ് കാർബറാണ്ടമായുള്ള കരാർ വ്യവവസ്ഥ. കാർബൊറാണ്ടം കമ്പനിക്ക് കരാർ നീട്ടി നല്‍കുന്നത് 12 ഓളം ബിഒടി പദ്ധതികളെ ദോഷകരമായി ബാധിക്കും. വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ വരെ ഈ തീരുമാനം സ്വാധീനം ചെലുത്തും. കരാർ നീട്ടല്‍ തെറ്റായ നയമാണ്. മുന്നൂറോളം കോടിയാണ് കാർബറാണ്ടം കമ്പനിയുടെ ലാഭം. എന്തിനാണ് വഴിവിട്ട സഹായം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഎസ്‌ഇബിയും കാർബൊറാണ്ടം കമ്പനിയും തമ്മിലുള്ള കരാർ അനുസരിച്ച് മണിയാർ പദ്ധതി തിരിച്ച് നല്‍കേണ്ടതാണെന്ന് മന്ത്രി കൃഷ്‌ണൻകുട്ടി പ്രതികരിച്ചു. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താൻ കരാർ നീട്ടണമെന്നാണ് വ്യവസായ വകുപ്പ് നിലപാട്. പദ്ധതി ഏറ്റെടുക്കണമെന്ന നിലപാടാണ് കെഎസ്‌ഇബിക്ക്. കെഎസ്‌ഇബിക്ക് നഷ്ടം വരാത്തതും വ്യവസായ മേഖലക്ക് നഷ്ടമില്ലാത്തതുമായ നിലപാട് ചർച്ചയിലൂടെ കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.
പിന്നാലെ എഴുന്നേറ്റ മുഖ്യമന്ത്രി കാർബോറാണ്ടം കേരളത്തില്‍ നല്ല രീതിയില്‍ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് പ്രശംസിച്ചു. കാർബൊറാണ്ടത്തിന് ആവശ്യമായ വൈദ്യുതി അവർ ഉത്പാദിപ്പിക്കട്ടെയെന്നും മിച്ച വൈദ്യുതി ഉണ്ടെങ്കില്‍ കെഎസ്‌ഇബിക്ക് നല്‍കട്ടെയെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. തർക്കത്തിന്റെ കാര്യം ഇല്ലെന്നും ഈസ് ഓഫ് ഡൂയിങ് ബിസിനസിൻ്റെ കാലമാണിതെന്നും പറഞ്ഞ മുഖ്യമന്ത്രി കൂടിയാലോചനയിലൂടെ പരിഹരിക്കാമെന്നും മറുപടി നല്‍കി.