കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസില്‍ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ മകൻ ആഷിഖ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പണം നല്‍കാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്. കൊലപാതകത്തിന് രണ്ടു ദിവസം ആഷിഖ് വീട്ടില്‍ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി. പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോള്‍ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടില്‍ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും ആഷിഖ് പ്രശ്നങ്ങള്‍ ഉണ്ടാക്കി. അതോടെ പുതുപ്പാടിയില്‍ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയല്‍വാസികള്‍ പറയുന്നത്.