മുംബൈ: വരാനിരിക്കുന്ന ചിത്രമായ ഛാവയുടെ ട്രെയിലർ ലോഞ്ചിനിടെ ഛാവയിൽ മറാത്ത രാജ്ഞി യേശുഭായ് ഭോൻസാലെയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടി രശ്മിക മന്ദാന. ഈ റോളിന് ശേഷം അഭിനയത്തില്‍ നിന്നും വിരമിക്കാന്‍ പറ്റിയാല്‍ അതിലും സന്തോഷം എന്നാണ് നടി പറഞ്ഞത്.
ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന സിനിമയില്‍ നടൻ വിക്കി കൗശലിന്റെ നായികയായാണ് രശ്മിക എത്തുന്നത്. യേശുഭായ് ഭോൻസാലെയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ബഹുമതിയാണെന്ന് നടി തുറന്നു പറഞ്ഞു. “ഇതൊരു ബഹുമതിയാണ്. മഹാറാണി യേശുഭായിയായി അഭിനയിക്കാൻ കഴിയുന്നത് ദക്ഷിണേന്ത്യയിൽ നിന്ന് വന്ന പെൺകുട്ടിക്ക് ഈ ജീവിതകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ പദവിയും പ്രത്യേകതയുമാണ്. ഞാൻ ലക്ഷ്മണ് സാറിനോട് പറയുകയായിരുന്നു, ഇതിനുശേഷം, അഭിനയത്തില്‍ നിന്നും വിരമിക്കുന്നത് പോലും സന്തോഷമാണെന്ന്. ഞാൻ കരയുന്ന ആളല്ല, പക്ഷേ ഈ ട്രെയിലർ എന്നെ കരയിപ്പിച്ചു. വിക്കി ദൈവത്തെപ്പോലെയാണ്, അവൻ ഛാവയാണ്.” രശ്മിക ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജായി വിക്കി എത്തുന്ന ചിത്രം ഗംഭീര ദൃശ്യ വിരുന്നാകും പ്രേക്ഷകന് സമ്മാനിക്കുക എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. മഡോക്ക് ഫിലിംസിന്റെ ബാനറിൽ സ്ട്രീ 2 നിർമ്മാതാവ് ദിനേശ് വിജനാണ് ഛാവ നിർമ്മിക്കുന്നത്. സ്ട്രീ 2 നിർമ്മാതാക്കളാണ് ഇവര്‍.
2024ലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായിരുന്നു സ്ത്രീ 2. നേരത്തെ ഡിസംബര്‍ ആദ്യമാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുഷ്പ 2 റിലീസ് ഡേറ്റിനോട് ക്ലാഷ് ആകുന്നതിനാല്‍ മാറ്റുകയായിരുന്നു. പിന്നീട് പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്.
എ.ആർ. റഹ്മാനാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. വിക്കി കൗശൽ, അക്ഷയ് ഖന്ന, രശ്മിക മന്ദാന എന്നിവർക്കൊപ്പം അശുതോഷ് റാണ, ദിവ്യ ദത്ത, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്. ഫെബ്രുവരി 19 ഛത്രപതി ശിവാജി ജയന്തിയാണ് ഇത് കൂടി മുന്നില്‍ കണ്ടാണ് ഈ റിലീസ്. ബാഡ് ന്യൂസിന്റെ വിജയത്തിന് ശേഷം വിക്കി കൗശൽ നായകനാകുന്ന ചിത്രം കൂടിയാണ് ഛാവ.