ബിജാപൂർ: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ബിജാപൂരിലെ ഗംഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ഏറ്റുമുട്ടലില്‍ 8 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ മാവോയിസ്റ്റുകളുണ്ടെന്ന സംശയത്തെ തുടർന്ന് തെരച്ചില്‍ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ 8.30 ഓടെയാണ് വനമേഖലയില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിർക്കുകയായിരുന്നു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ) എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഓപ്പറേഷന്റെ ഭാഗമായത്. മാവോയിസ്റ്റുകളുടെ പടിഞ്ഞാറൻ ബസ്തർ ഡിവിഷന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് ഓപ്പറേഷൻ ആരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ജനുവരി 16ന് ഛത്തീസ്ഗഡില്‍ സമാനമായ രീതിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ബിജാപൂർ ജില്ലയിലെ തെക്കൻ ബസ്തറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രാവിലെ 9 മണിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡും സിആർപിഎഫും ചേർന്നുള്ള സംയുക്ത സുരക്ഷ സേനയാണ് മാവോയിസ്റ്റുകളെ വധിച്ചത്.