കോട്ടയം : കോട്ടയം കുറുപ്പന്തറയിൽ വീട്ടുകാർ ഇല്ലാത്ത സമയത്ത് വീടിന്റെ വാതിൽ പാളി തകർത്ത് 20 പവൻ സ്വർണ്ണം കവർന്നു.കുറുപ്പന്തറ പുളിന്തറ വളവിന് സമീപം ആനിത്തോട്ടത്തിൽ സേവ്യറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ഒരാഴ്ചയായി സേവ്യറും, ഭാര്യ ലീലാമ്മയും തറവാട്ടിൽ പിതാവിന്റെ കൂടെ ആയിരുന്നു താമസം. ശനിയാഴ്ച രാവിലെ 8.30ന് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പാളി കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. വീടിനുള്ളിൽ കടന്ന മോഷ്ടാവ് മുറികളിലെ അലമാരയിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും വലിച്ചുവാരി വിതറി.
സ്വർണ്ണം വെച്ചിരുന്ന അലമാരയുടെ താക്കോൽ വീടിനുള്ളിൽ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്. മോഷ്ടാവ് ഈ താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നത്. 20 പവനോളം സ്വർണമാണ് മോഷണം പോയതെന്ന് സേവ്യർ പറഞ്ഞു.വീടിന്റെ പുറകുവശത്തുള്ള വാതിൽ തുറന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കോട്ടയത്ത് നിന്ന് വിരലടയാള വിദഗ്ധരും, ഡോഗ് സ്കോഡും പരിശോധന നടത്തി. കടുത്തുരുത്തി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ റെനീഷ് ഇല്ലിക്കല്ലിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.