മാന്നാറിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മകൻ വിജയന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊലപാതകം, വീടിന് തീവയ്ക്കല്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് വിജയനെതിരെ ചുമത്തിയത്. പ്രതിയെ നാളെ മജിസ്‌ട്രേറ്റിന് മുൻപില്‍ ഹാജരാക്കും. ഇന്ന് പ്രാഥമിക തെളിവെടുപ്പ് നടത്തിയതായി പൊലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവൻ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. വീട് കത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മകനെ കാണാനില്ലായിരുന്നു. സംഭവത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരുടെ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലപാതകം നടത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വിജയന്‍റെ പദ്ധതി. എന്നാല്‍, ഇതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതലാണ് പ്രതി മാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയത്. മാതാപിതാക്കള്‍ക്ക് എന്ത് ചെയ്തുകൊടുത്താലും തൃപ്തിയില്ലായിരുന്നുവെന്നും എന്ത് ചെയ്താലും അവര്‍ക്ക് പ്രശ്നം ആയിരുന്നുവെന്നും പ്രതി മൊഴി നല്‍കി.
ഇതോടെ മാതാപിതാക്കളെ ഇല്ലാതാക്കാൻ പ്രതി തീരുമാനിക്കുകയായിരുന്നു. വീടിന് തീയിടുന്നതിനായി പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ ഉണ്ടായിരുന്നു എന്നും വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കളും നാട്ടുകാരും പൊലീസിന് മൊഴി നല്‍കിയിരുന്നു.