പീരുമേട്: സ്ഥലത്തുണ്ടായിട്ടും ഇടുക്കി പീരുമേട് വനംവകുപ്പിന്റെ എക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്യാതെ മടങ്ങി വനംമന്ത്രി എകെ ശശീന്ദ്രന്. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധം ഭയന്നാണ് മന്ത്രി ഉദ്ഘാടന ചടങ്ങില്‍ നേരിട്ടെത്താത്തതെന്നാണ് ആരോപണം. പരിപാടി നടക്കുന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റർ മാത്രം അകലെയിരുന്ന് വനംമന്ത്രി പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് നടന്നില്ല. ഇതോടെയാണ് മന്ത്രി ക്ഷണിക്കപ്പെട്ടവരെല്ലാം കാത്തിരിക്കെ തടിതപ്പിയത്. ഇടുക്കി കുട്ടിക്കാനത്താണ് സംഭവം.
കുട്ടിക്കാനത്തിനു സമീപം തട്ടാത്തിക്കാനം പൈൻ ഫോറസ്റ്റിലെ ഇക്കോ ഷോപ്പ് ഉദ്ഘാടനമാണ് മന്ത്രി ഓണ്‍ലൈനില്‍ നടത്താൻ ശ്രമിച്ച് പാളിയത്. വനംമന്ത്രി നേരിട്ടെത്തുമെന്നായിരുന്നു അദ്യ അറിയിപ്പ്. രണ്ടു കിലോമീറ്റർ മാത്രം അകലെ വനംവകുപ്പ് ഐബിയില്‍ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. ഉച്ചയോടെ കുട്ടിക്കാനത്തെത്തിയ മന്ത്രി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ നേരിട്ടെത്തിയില്ല. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രതിഷേധം ഭയന്നായിരുന്നു മന്ത്രിയുടെ ഒളിച്ചോട്ടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം കുട്ടിക്കാനം, പീരുമേട് മേഖലകളില്‍ കാട്ടാന ഇറങ്ങിയിരുന്നു. അതിനാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന് ഭയന്നാണ് മന്ത്രി മാറി നിന്നത്. കുട്ടിക്കാനത്തുണ്ടായിരുന്ന വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ നേരിട്ട് പങ്കെടുത്തില്ല. ഓണ്‍ ലൈനായി ഉദ്ഘാടനം നടത്താനുള്ള ശ്രമം സാങ്കേതിക കാരണങ്ങളാല്‍ തടസ്സപ്പെട്ടു. പിന്നീട് റെക്കോഡ് ചെയ്ത പ്രസംഗം കേള്‍പ്പിക്കാൻ സംഘാടകർ തീരുമാനിച്ചു. സാങ്കേതിക പ്രശ്നങ്ങളടക്കം അടിമുടി കുഴപ്പങ്ങള്‍ നിറഞ്ഞതായി ഉദ്ഘാടന ചടങ്ങ് മാറി.
ആരെയും അറിയിക്കാഞ്ഞതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ഏതാനും ജന പ്രതിനിധികളും മാത്രമാണ് ചടങ്ങിനെത്തിയത്. തട്ടാത്തിക്കാനത്തെ ഒൻപത് ഹെക്ടർ സ്ഥലത്താണ് പൈൻ ഫോറസ്റ്റ്. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഇവിടം. വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കുകയും ആളുകള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വനം വകുപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.