ധാക്ക: ബംഗ്ളാദേശ് സ്ഥാപക നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ധാക്കയിലെ വസതിക്ക് തീയിട്ട് പ്രതിഷേധക്കാർ. മുജീബുർ റഹ്മാന്റെ മകളും ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീന തന്റെ പാർട്ടി പ്രവർത്തകരുമായി സമൂഹമാദ്ധ്യമത്തിലൂടെ സംവദിക്കവേ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഫാസിസത്തിന്റെ തീർത്ഥാടന കേന്ദ്രമെന്ന് വിളിച്ചാണ് പ്രതിഷേധക്കാർ ഷെയ്ഖ് മുജീബുർ റഹ്മാന്റെ വസതിയായ ധൻമോണ്ടി 32 തകർക്കുകയും തീയിടുകയും ചെയ്തത്. സമൂഹമാദ്ധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയതിനുശേഷമായിരുന്നു ഇത്.
സ്വന്തം പാർട്ടിയായ ആവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ ഛത്ര ലീഗ് സംഘടിപ്പിച്ച ഓണ്‍ലൈൻ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസീന. ഇതേസമയത്തുതന്നെ ബുള്‍ഡോസർ കൊണ്ട് മുജീബുർ റഹ്മാന്റെ വീട് തകർക്കാനായിരുന്നു സമൂഹമാദ്ധ്യത്തിലൂടെ ആഹ്വാനം ഉണ്ടായത്. തുടർന്ന് രാത്രി എട്ടുമണിയോടെ ചുറ്റികയും മറ്റുമായി പ്രതിഷേധക്കാരെത്തി വീട് തകർക്കാൻ തുടങ്ങുകയായിരുന്നു. മുജീബിന്റെ ചുവർചിത്രവും അക്രമികള്‍ തകർത്തു. രാത്രി 9.30ഓടെ വസതിക്ക് തീയിട്ടു. പിന്നാലെ ക്രെയിനും എക്സ്കവേറ്ററുമെത്തി പുലർച്ചെ രണ്ട് മണിയോടെ വീടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും തകർക്കുകയായിരുന്നുവെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിതാവിന്റെ വസതിക്ക് തീയിട്ടതറിഞ്ഞ ഹസീന കടുത്ത ഭാഷയില്‍ പ്രതികരിച്ചു. അവർക്ക് ഒരു കെട്ടിടം തകർക്കാനാവും. എന്നാല്‍ ചരിത്രത്തെ തകർക്കാനാവില്ല. ചരിത്രം അതിന്റെ പ്രതികാരം നടത്തിയിരിക്കും. ഭരണഘടനയ്ക്കെതിരായാണ് ഇപ്പോഴത്തെ ഇടക്കാല സർക്കാർ അധികാരം പിടിച്ചെടുത്തത്. ഈ സർക്കാരിനെതിരെ ബംഗ്ളാദേശിലെ ജനങ്ങള്‍ ഒന്നിക്കണമെന്നും ഹസീന ആവശ്യപ്പെട്ടു.