നീലേശ്വരം: പിടികൂടി കാട്ടില്‍ വിട്ട കൃഷ്ണപ്പരുന്ത് വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം ചുറ്റിക്കുന്നു. കാസർകോട് നീലേശ്വരത്താണ് ജനങ്ങള്‍ പരുന്തിനെ ഭയന്ന് കഴിയുന്നത്. നാട്ടുകാരെ ആക്രമിച്ച പരുന്തിനെ വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പരുന്ത് തിരിച്ചെത്തി. അതിനു ശേഷം ഇരുപതോളം പേരെയാണ് ഇതുവരെ പരുന്ത് ആക്രമിച്ചത്.
ആദ്യം തന്നെ അക്രമിയായിരുന്ന പരുന്തിനെ ജനുവരി 26ന് നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് വനംവകുപ്പ് പിടികൂടി കർണാടക അതിർത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിട്ടു. എന്നാല്‍ ആറ് ദിവസത്തിന് ശേഷം പരുന്ത് തിരിച്ചെത്തി. ഇക്കുറി ഒറ്റക്കല്ല, മറ്റൊരു പരുന്തും ഇതിനൊപ്പം ഇവിടെ എത്തിയിട്ടുണ്ട്. ആളുകളെ ആക്രമിക്കുന്നതിനപ്പുറം വാഹനങ്ങളുടെ താക്കോലടക്കം കൊത്തിക്കൊണ്ട് പറന്നു പോകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരുന്തിനെ എന്തു ചെയ്യുമെന്നു ഒരെത്തും പിടിയുമില്ലാതെ വലയുകയാണ് വനം വകുപ്പ്. ആരോ വളർത്തിയ പരുന്തിനെ ശല്യമായപ്പോള്‍ പറത്തി വിട്ടു. പിന്നീട് നാട്ടുകാർക്കാകെ ശല്യമാകുന്ന സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ് എന്നാണ് അനുമാനം.