ഇംഫാൽ : മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂരിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ രാജിക്കായി പാർട്ടിയിൽ ഉൾപ്പെടെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറിയത്. ഞായറാഴ്ച രാവിലെ ഡൽഹിയിൽ എത്തിയ ബിരേൻ സിങ് അമിത് ഷാ ഉൾപ്പെടെയുള്ള ഉയർന്ന ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിനുശേഷമാണ് ഗവർണറെ കണ്ട് രാജി സന്നദ്ധത അറിയിച്ചത്. മണിപ്പൂരിൽ കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന കലാപത്തിന് പരിഹാരം കാണാത്തതും രാജിയിലേക്ക് നയിച്ചുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം, മണിപ്പൂരിന്റെ നല്ല ഭാവിക്കുവേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും നാർക്കോ ടെററിസം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്.