മലപ്പുറം : മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. മിനിഊട്ടി ട്രിപ്പിനിറങ്ങിയ വിദ്യാർഥികളാണ് അപകടത്തില്‍പെട്ടത്.കൊട്ടപ്പുറം കൊടികുത്തിപ്പറബ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വേങ്ങരക്ക് സമീപം മിനിഊട്ടി – നെടിയിരുപ്പ് റോഡില്‍ വച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്.കൊട്ടപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്‌എസ്‌എല്‍സി, പ്ലസ് വണ്‍ വിദ്യാർഥികളാണ് മുഫീദും വിനായകും. ടോറസ് ലോറിയുടെ അടിയിലകപ്പെട്ട വിദ്യാർഥി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മിനി ഊട്ടിയിലേക്ക് ട്രിപ്പ് പോകാനിറങ്ങിയതാണ് ഇരുവരും. വിദ്യാർഥികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.