കോട്ടയം: മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. മാത്യു ഉലകംതറ(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെള്ളകത്തെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി സെമിത്തേരിയില്‍.
1931ല്‍ വൈക്കത്താണു ജനനം. തേവര എസ്എച്ച് കോളജില്‍ മലയാളം അധ്യാപകനായി 1986വരെ സേവനമനുഷ്ഠിച്ചു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ ഓണററി പ്രഫസറായും ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള, എംജി സര്‍വകലാശാലകളില്‍ ചീഫ് എക്‌സാമിനര്‍, എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, പാഠപുസ്തക സമിതിയംഗം, ഓറിയന്റല്‍ ഫാക്കല്‍റ്റി, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ആകാശവാണിയില്‍ പ്രഭാതഭേരിയടക്കം പരിപാടികളില്‍ അദ്ദേഹത്തിന്റെ ശബ്ദമുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനായിരുന്നു പ്രൊഫ. മാത്യു ഉലകംതറ. ക്രിസ്തുഗാഥ എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. കെ.വി സൈമണ്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ് എന്നിവയടക്കം ഇരുപതോളം സാഹിത്യ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സാഹിത്യ ശാസ്ത്രം, വിമര്‍ശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അമ്പതോളം കൃതികള്‍ രചിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍, പാലാ നാരായണന്‍ നായര്‍, സിസ്റ്റര്‍ മേരി ബനീഞ്ഞ തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ കൃതികള്‍ക്ക് ഇദ്ദേഹം എഴുതിയ അവതാരികകളും ശ്രദ്ധേയമാണ്.
ഭാര്യ ത്രേസ്യാമ്മ (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ അരൂര്‍) വെച്ചൂച്ചിറ പുത്തേട്ട് കുടുംബാഗം. മക്കള്‍: ജിയോ, ജിമ്മി, ജോയ്സ് (ഇന്‍ഷ്വറന്‍സ് സര്‍വേയര്‍), ജാസ്മിന്‍ (അധ്യാപിക സെന്റ് മേരീസ് ഹൈസ്‌കൂള്‍ അതിരമ്പുഴ). മരുമക്കള്‍: മായ റിട്ട. അധ്യാപിക കെഎംഎച്ച്എം ഹൈസ്‌കൂള്‍ കരുളായി, നിലമ്പൂര്‍ തച്ചേരില്‍ (വൈപ്പിന്‍) ആലീസ് റിട്ട. അധ്യാപിക മേനാംപറമ്പില്‍ (ചേര്‍ത്തല), ബിന്ദു പുളിക്കല്‍ (അയ്യമ്പള്ളി), തോമസുകുട്ടി റിട്ട. അണ്ടര്‍ സെക്രട്ടറി കണിയാംകുന്നേല്‍ (ചെറുവാണ്ടൂര്‍). കോട്ടയം മള്ളൂശേരി ചുങ്കത്തെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.