ചെന്നൈ: നടന്‍ കമല്‍ഹാസൻ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്. ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിലാണ് കമല്‍ഹാസന്‍ പാര്‍ലമെന്‍റില്‍ എത്തുക. ഇതിനായുള്ള ചർച്ചകള്‍ കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖർബാബു നടത്തി. ശേഖര്‍ ബാബു കമലിനെ കണ്ടത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരമാണ്.
ജൂലൈയില്‍ ഒഴിവുവരുന്ന 6 രാജ്യസഭ സീറ്റില്‍ ഒന്നു മക്കള്‍ നീതി മയ്യത്തിന് നല്‍കുമെന്ന് അറിയിച്ചതായാണ് വിവരം. കമല്‍ തന്നെ മത്സരിക്കാൻ സാധ്യതയെന്ന് മക്കള്‍ നീതി മയ്യം വക്താവ് മുരളി അപ്പാസ് പറഞ്ഞത്. ഡിഎംകെ നേരത്തെ തന്നെ സീറ്റ് ഉറപ്പ് നല്‍കിയതാണെന്നും മക്കള്‍ നീതി മയ്യം വക്താവ് വ്യക്തമാക്കി. കുറഞ്ഞത് 4 സീറ്റ് ഡിഎംകെ സഖ്യത്തിന് വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകും. 2019 ല്‍ രാഷ്ട്രീയത്തിലേക്ക് എത്തിയ കമല്‍ കഴിഞ്ഞ കുറച്ചുകാലമായി ഡിഎംകെയുമായി സഖ്യത്തിലാണ്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ കമല്‍ മത്സരിക്കും എന്ന് അഭ്യൂഹം ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ സിപിഎമ്മില്‍ നിന്നും ഈ മണ്ഡലം ഏറ്റെടുത്ത് ഡിഎംകെയാണ് ഇവിടെ മത്സരിച്ചത്. അതേസമയം ഡിഎംകെയ്ക്ക് വേണ്ടി 2024 തെരഞ്ഞെടുപ്പില്‍ കമല്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കമലിന്‍റെ പാര്‍ട്ടിക്ക് രാജ്യസഭ സീറ്റ് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പാലിക്കുന്നത് എന്നാണ് വിവരം. തഗ്ഗ് ലൈഫ് എന്ന മണിരത്നം ചിത്രത്തിലാണ് കമല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് വരുന്ന ജൂണ്‍ മാസത്തില്‍ റിലീസ് ചെയ്യാന്‍ ഇരിക്കുകയാണ്. കമലിന്‍റെ രാജ് കമല്‍ ഫിലിംസ്, മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസ്, റെഡ് ജൈന്‍റ് മൂവീസ് എന്നിവരാണ് ഇതിന്‍റെ നിര്‍മ്മാതാക്കള്‍. എആര്‍ റഹ്മാനാണ് സംഗീതം.