മലപ്പുറം: പട്ടാപ്പകല്‍ അങ്കണവാടി വരെ കാട്ടാന എത്തിയതോടെ കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ പോലും ഭയപ്പെടുകയാണ് മലപ്പുറം പോത്തുകല്ലിലെ അപ്പൻ കാപ്പ് നഗർ നിവാസികള്‍. നിരന്തരമായി പരാതിപ്പെട്ടിട്ടും സുരക്ഷാ നടപടികള്‍ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് പരാതി. അപ്പൻ കാപ്പ് നഗറിലുള്ളവരുടെ ആനപ്പേടിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഈയിടെയായി രാപകല്‍ വ്യത്യാസമില്ലാതെ സ്ഥിരമായി ആനകള്‍ എത്തുന്നു.
ഉള്‍ക്കാട്ടിലേക്ക് മടങ്ങാതെ ആനകള്‍ പലപ്പോഴും സ്ഥലത്ത് തന്നെ തമ്പടിക്കുകയാണ്. കൃഷി നശിപ്പിക്കുന്നതും പതിവ്. അങ്കണവാടിക്കടുത്തേക്ക് എത്തിയ കാട്ടാനയുടെ മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് കുരുന്നുകള്‍ രക്ഷപ്പെട്ടത്. ഇതോടെ കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ ഭയപ്പെടുകയാണ് അമ്മമാർ. നഗറിലെ വീടുകള്‍ പലതും ശോചനീയാവസ്ഥയിലാണ്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ ജീവൻ കയ്യില്‍ പിടിച്ച് കഴിഞ്ഞ് കൂടുകയാണിവർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീർപുഴക്ക് ഇരുവശങ്ങളിലായുള്ള ആദിവാസി വീടുകള്‍ക്കിടയിലൂടെയാണ് കാട്ടാനകളുടെ വരവ്. 123 കുടുംബങ്ങളുള്ള അപ്പൻകാപ്പ് , മലപ്പുറം ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ താമസിക്കുന്ന ആദിവാസി നഗർ കൂടിയാണ്. സോളാർ ഫെൻസിങ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ അധികൃതർ നേരത്തെ ഉറപ്പു പറഞ്ഞെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല.