കാസർകോട്: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാൻ നീക്കം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് പരോളിന് അപേക്ഷ നല്‍കിയത്. പ്രതികള്‍ നല്‍കിയ അപേക്ഷയില്‍ ജയില്‍ അധികൃതർ പൊലീസിന്റെ റിപ്പോർട്ട് തേടിയതായാണ് വിവരം. കേസില്‍ വിധി വന്ന് ഒന്നര മാസം പോലും തികയുന്നതിന് മുമ്പാണ് പരോള്‍ അനുവദിക്കാനുള്ള നീക്കം നടക്കുന്നത്.
ജനുവരി മൂന്നിനാണ് കൊച്ചി സി ബി ഐ കോടതി 14 പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പരോളിന് അപേക്ഷ നല്‍കിയ പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 2019 ഫെബ്രുവരി 17ന് രാത്രി 7.45ന് പെരിയ കല്യോട്ട് വച്ചാണ് കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. പിന്നീട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസന്വേഷണം സി ബി ഐ ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി ബി ഐ സംഘമാണ് അന്വേഷണം നടത്തിയത്. 2023 ഫെബ്രുവരിയിലാണ് സി ബി ഐ കോടതിയില്‍ വിചാരണ തുടങ്ങിയത്.