ദുബായ്: ഇന്ത്യൻ ബൗളർമാരുടെ ഏറിനു മുന്നിൽ തളർന്നു വീണ ബംഗ്ലാദേശിനെ അടിച്ചു വീഴ്ത്തി ശുഭ്മാൻ ഗിൽ. ഗില്ലിന്റെ പക്വതയുള്ള സെഞ്ച്വറിയുടെ മികവിൽ ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ വിജയം. 49.4 ഓവറിൽ മുഴുവൻ വിക്കറ്റുകളും നഷ്ടമാക്കി ബംഗ്ലാദേശ് നേടിയ 228 റൺ എന്ന വിജയലക്ഷ്യം നാല് വിക്കറ്റുകൾ മാത്രം നഷ്ടമാക്കി ഇന്ത്യ മറികടന്നു. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. 46.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ 231 റൺ എടുത്താണ് ലക്ഷ്യം മറികടന്നത്.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് എതിരെ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഇന്ത്യൻ ബൗളിംങിന് മുന്നിൽ കൂട്ടത്തകർച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. രണ്ട് റൺ എടുക്കുമ്പോഴേയ്ക്കും സൗമ്യസർക്കാരിനെയും (0), നജ്മൽ ഹുസൈൻ ഷാന്റോയെയും (0) ഷമിയും ഹർഷിത് റാണയും ചേർന്ന് പുറത്താക്കി. 26 ൽ മെഹ്ദി ഹുസൈനും (5), 35 ൽ തൻസീദ് ഹസനും (25) വീണതോടെ ബംഗ്ലാദേശ് തകർച്ചയെ മുന്നിൽ കണ്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രക്ഷയ്ക്ക് എത്തുമെന്ന് കരുതിയ മുഷ്ഫിക്കുർ റഹിം (0) പട്ടേലിന്റെ പന്തിൽ റണ്ണെടുക്കും മുൻപ് വീണതോടെ വീണ്ടും ബംഗ്ലാദേശ് നില പരുങ്ങലിലായി. തൻസീദിനെയും, മുഷ്ഫിക്കറിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ അക്സർ പട്ടേൽ തൊട്ടടുത്ത പന്തിൽ ഹാട്രിക്ക് വിക്കറ്റിലേയ്ക്ക് എത്തിയതായിരുന്നു. എന്നാൽ, സ്ളിപ്പിൽ ജക്കീർ അലിയെ വിട്ടുകളഞ്ഞ രോഹിത് ശർമ്മ അക്സറിന് ഹാട്രിക്ക് നിഷേധിച്ചതിനൊപ്പം ബംഗ്ലാദേശിന് ജീവനും നീട്ടി നൽകി. 35 ന് ആറ് എന്ന നിലയിലാകേണ്ടിയിരുന്ന ബംഗ്ലാദേശിനെ ജക്കീർ അലിയും (68), തൗഹിദ് ഹിദ്രോയിയും (100) ചേർന്നുള്ള കൂട്ടുകെട്ട് രക്ഷിക്കുകയായിരുന്നു. 189 ലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
214 ൽ റിഷാദ് ഹൊസൈൻ (18), 215 ൽ തൻസിം (0), 228 ൽ ടസ്കിൻ അഹമ്മദ് (3), എന്നിവർ പുറത്തായതോടെ ബംഗ്ലാ പ്രതിരോധം അവസാനത്തിലേയ്ക്ക് നീങ്ങി. അവസാന വിക്കറ്റായി സെഞ്ച്വറി വീരൻ തൗഹിദ് ഹിദ്രോയി കൂടി പുറത്തായതോടെ ബംഗ്ലാദേശ് പോരാട്ടം 228 ൽ അവസാനിച്ചു. ഷമി ഇന്ത്യയ്ക്ക് വേണ്ടി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹർഷിത് റാണ മൂന്നും അക്സർ പട്ടേൽ രണ്ടു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും (41), ശുഭ്മാൻ ഗില്ലും (പുറത്താകാതെ 100) മികച്ച തുടക്കമാണ് നൽകിയത്. രണ്ടു പേരും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ 69 ൽ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. പിന്നാലെ കോഹ്ലി (22) ഗില്ലിന് കൂട്ടായി എത്തി ഇന്ത്യയെ 100 കടത്തി. കോഹ്ലി വീണ ശേഷം വിജയം വരെ കൂടെ നിൽക്കുമെന്ന് കരുതിയ ശ്രേയസ് അയ്യറും(15), അക്സർ പട്ടേലും (8) വേഗം വീണത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാൽ, കെ.എൽ രാഹൂൽ (41) ഗില്ലിനൊപ്പം ഒരു വശത്ത് ഉറച്ച് നിന്ന് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. ബംഗ്ലാദേശിന് വേണ്ടി ടസ്കിൻ അഹമ്മദും, മുസ്തിഫുർ റഹ്മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ റിഷാദ് ഹൊസൈൻ രണ്ട് വിക്കറ്റ് വീഴ്ത്തി.