കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോത്സവത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലില്‍ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചതായാണ് റിപ്പോർട്ടിലുള്ളത്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ 6 നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. സംഭവ ദിവസം പീതാംബരൻ എന്ന ആന മദപ്പാടില്‍ ആയിരുന്നു എന്നും റിപ്പോർട്ടില്‍ പറയുന്നു.
ഫെബ്രുവരി 13ന് വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമുളള ദുരന്തം അരങ്ങേറിയത്. ഉത്സവത്തിന്റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന് ഗോകുലിനെ കുത്തുകയായിരുന്നു. കുത്തേറ്റ ഗോകുല്‍ പീതാംബരനു നേരെ തിരഞ്ഞതോടെ ഭഗവതീ ക്ഷേത്രത്തിന് മുന്നില്‍ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ക്ഷേത്രത്തിന്റെ ഓഫീസ് തകര്‍ന്ന് വീണു. ഗോകുലിന്റെ കുത്തേറ്റ് ഓഫീസിലേക്ക് പീതാംബരൻ ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രം ഓഫീസിന് മുന്നില്‍ എഴുന്നളളത്ത് കാണാനായി ഇരിക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ വീണതോടെ എഴുന്നേല്ക്കാനായില്ല. ഇതോടെ ആനയുടെ ചവിട്ടേറ്റു. എഴുന്നേല്ക്കാൻ ശ്രമിച്ചവരെയും ആന തട്ടിയിട്ടു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന് എന്നിവരാണ് മരിച്ചത്. ഇതിനിടെ, കൊമ്പുകോര്‍ത്തശേഷം തിരിഞ്ഞോടിയ ആനകളുടെ മുന്നില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയ നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റു. ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്കോടിയ ആനകളെ പ്രധാന റോഡില്‍ എത്തും മുമ്പ് തന്നെ പാപ്പാന്മാര് തളക്കുകയായിരുന്നു.