സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ ആകസ്മികമായ വേർപാട് ഉൾക്കൊള്ളാനാവാതെ നേതാക്കളും, പാർട്ടി പ്രവർത്തകരും.
രോഗബാധിതനായിട്ട് ഏതാനും മാസങ്ങളായി എങ്കിലും പാർട്ടിയുടെ എല്ലാ പരിപാടികളിലും സജീവമായിരുന്നു റസൽ. ജനുവരി ആദ്യം നടന്ന ജില്ലാ സമ്മേളനത്തിൻ്റെ നടത്തിപ്പിന് റസൽ അഹോരാത്രം പ്രയത്നിച്ചു. വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി കഴിഞ്ഞ ദിവസം ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പുറപ്പെടുമ്പോഴും, അദ്ദേഹം രോഗബാധിതനായിരുന്നു എന്ന വിവരം ഒട്ടുമിക്ക സഹപ്രവർത്തകർക്കും അറിയില്ലായിരുന്നു.
ഈയ്യിടെയായി മുഖത്ത് മാസ്ക് ധരിച്ചിരിക്കുന്നത് കണ്ട് ചിലർ അന്വേക്ഷിക്കുമ്പോഴും അദ്ദേഹം നിസാര കാരണം പറഞ്ഞ് ഒഴിയുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെ മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ എത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന നേതാവ് ‘.. റസലിനെ സഹപ്രവർത്തകർ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെ. ഒരു സഹായത്തിനായി ഒരാൾ റസലിനെ സമീപിച്ചാൽ ‘പറ്റുമെങ്കിൽ പറ്റുമെന്ന് പറയും , ഇല്ലെങ്കിൽ ഇല്ലെന്നും’. ഇദ്ദേഹത്തിൻ്റെ ഈ സ്വഭാവം ഒരുപാട് പേരുടെ അനിഷ്ടത്തിന് കാരണമാക്കിയിട്ടുണ്ടെന്ന് സത്യം. ആരോടും അത്ര പെട്ടെന്ന് അടുത്ത് പെരുമാറില്ല. രാഷ്ട്രീയക്കാരൻ്റെ നിറഞ്ഞ ചിരിയും ഇല്ല. പക്ഷേ ഏതു കാര്യത്തിലും സത്യസന്ധതയോടുള്ള സമീപനം റസലിനെ രാഷ്ട്രീയ ജീവിതത്തിൽ ഉയരങ്ങളിൽ എത്തിച്ചു.
കറകളഞ്ഞ കമ്യൂണിസ്റ്റായായ റസൽ അങ്ങനെ ചങ്ങനാശ്ശേരിയിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് തൻ്റെ പ്രവർത്തന മേഖല വ്യാപിപ്പിക്കുകയായിരുന്നു. വി ആർ ഭാസ്കരന് ശേഷം സിപിഐ (എം) ന് ചങ്ങനാശ്ശേരി നൽകിയ സംഭാവനയായി റസൽ മാറി. ജില്ലാ സെക്രട്ടറിയായി വീണ്ടും ചുമതല ഏറ്റ ശേഷം 2 മാസങ്ങൾ തികയും മുമ്പാണ് റസലിൻ്റെ വേർപാട്.
ആശയപരമായി വിവിധ ധ്രുവങ്ങളിൽ നിൽക്കുമ്പോഴും റസലിൻ്റെ വ്യക്തിബന്ധം രാഷ്ട്രീയത്തിൻ്റെ മേലേ ആയിരുന്നു. റസലിൻ്റെ വിയോഗവാർത്ത അറിഞ്ഞ് എൽഡിഎഫ് നേതാക്കൾക്ക് പുറമേ മറ്റ് മുന്നണി നേതാക്കളും പാർട്ടി ഡി സിയിലേക്ക് ഓടി എത്തിയത് ഈ സൗഹൃദത്തിൻ്റെ ആഴം കൊണ്ടാണ്.
റസലിൻ്റെ വിയോഗവാർത്ത അറിഞ്ഞ ഉടൻ മന്ത്രി വി എൻ വാസവൻ ചെന്നൈയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൃത ശരീരം രാവിലെ 7 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് 10 മണിക്ക് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലും, ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും, അർബൻ ബാങ്കിലും പൊതു ദർശനത്തിന് വയ്ക്കും. സംസ്കാര ചടങ്ങുകളുടെ സമയം സംബന്ധിച്ച് പാർട്ടി സംസ്ഥാന നേതാക്കളും, ബന്ധുക്കളും ചേർന്ന് തീരുമാനിക്കും.