തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം തസ്തികയില്‍ ഉദ്യോഗസ്ഥർക്ക് നിയമനം നല്‍കിയെന്ന് എജിയുടെ റിപ്പോർട്ട്. 700ലധികം തസ്തിക അധികമായി സൃഷ്ടിച്ചു. സർക്കാറിന് വേണ്ടപ്പെട്ടവർക്ക് ഭരണസിരാകേന്ദ്രത്തില്‍ ഇഷ്ടം പോലെ തസ്തികള്‍ ലഭിക്കും എന്നതാണ് സ്ഥിതി.
സെക്രട്ടേറിയേറ്റില്‍ 53 അഡിഷണല്‍ സെക്രട്ടറിമാരുടെ സ്ഥാനത്ത് 92 പേരാണ് ജോലി ചെയ്യുന്നത്. 38 ജോയിന്റ് സെക്രട്ടറിമാർ വേണ്ടിടത്ത് 71 പേരുണ്ട്. ഡെപ്യൂട്ടി സെക്രട്ടറിമാരുടെ തസ്തിക 49, പക്ഷെ നിലവിലുള്ളത് 63 പേർ. 136 അണ്ടർ സെക്രട്ടറിമാരുടെ സ്ഥാനത്ത് 172 പേരുമടക്കം ഉന്നത തസ്തികകളില്‍ മാത്രം 122 പേരാണ് അധികം ജോലി ചെയ്യുന്നത്. എൻട്രി ലെവലിലും മിഡില്‍ ലെവലിലുമായി ഉള്ളത് 372 അധിക തസ്തികകലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആകെ 705 അധിക തസ്തികള്‍ സൃഷ്ടിച്ചെന്നാണ് എജിയുടെ കണ്ടെത്തല്‍. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോള്‍ സമാന തസ്തകിയിലേക്ക് ജൂനിയറായ ആള്‍ക്ക് സ്ഥാനക്കയറ്റം നല്‍കും. പക്ഷെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ഉദ്യോഗസ്ഥൻ തിരിച്ചെത്തിയാലും അധിക തസ്തികകള്‍ തുടരും. അതാണ് രീതി. അധിക തസ്തികവഴി സർക്കാരിന് ശമ്പളവും ആനുകൂല്യങ്ങളുമായി ലക്ഷങ്ങള്‍ നഷ്ടമാകുന്നുവെന്നാണ് എജിയുടെ റിപ്പോർട്ട്.