കൊച്ചി: വിദേശത്ത് നിന്നുള്ളതിന് പുറമെ ആഭ്യന്തര ചരക്ക് നീക്കവും കൂടി കുറഞ്ഞതോടെ വളർച്ച മുരടിച്ച് കൊച്ചി തുറമുഖവും വില്ലിങ്ടണ്‍ ഐലന്റും. വല്ലാർപാടത്ത് ട്രാൻഷിപ്പ്മെന്റ് ടെർമിനല്‍ എത്തിയതിന് പിന്നാലെ ഐലന്റിലും പഴയ തുറമുഖത്തും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ തുടർ വികസനം മുടങ്ങി. 800 ഏക്കറില്‍ കൊച്ചിയുടെ വ്യാപാര കേന്ദ്രമായിരുന്ന വില്ലിങ്ടണ്‍ ഐലന്റിന്റെ 50 ശതമാനത്തിലധികം ഭൂമി കാട് കയറി നശിക്കുകയാണ്.
പതിറ്റാണ്ടുകള്‍ കൊച്ചിയുടെ വ്യാപാര സിരാകേന്ദ്രമായിരുന്നു വില്ലിങ്ടണ്‍ ഐലന്റും, രാജീവ് ഗാന്ധി കണ്ടൈനർ ടെർമിനലും. കപ്പലുകളെത്താനുള്ള ക്യു വണ്‍ മുതല്‍ ക്യു ടെൻ വരെ ബെർത്തുകള്‍ ഇന്ന് കൂടുതല്‍ സമയവും ഒഴിഞ്ഞ് കിടക്കുകയാണ്. നേരത്തെ ചെറിയ കപ്പലുകള്‍ നിറഞ്ഞ് കിടന്ന തുറമുഖമാണ് ഇത്. വില്ലിങ്ടണ്‍ ഐലന്റിലും ഏതാനും ഷിപ്പിംഗ് കമ്പനികളുടെ ഓഫീസ് മാത്രമാണ് ഉള്ളത്. അരിയും, ഗോതമ്ബും മരത്തടികളും രാസവളങ്ങളും യന്ത്രങ്ങളും കപ്പലില്‍ നിന്നിറക്കി സൂക്ഷിച്ചിരുന്ന ഗോഡൗണുകളെല്ലാം കാലിയാണ്. പൊളിഞ്ഞ് വീഴാറായ കസ്റ്റംസ്- പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സുകള്‍, സിഐഎസ്‌എഫ് ബാരക്കുകളും, ചരിത്രമുറങ്ങുന്ന ഹാർബർ റെയില്‍വേ സ്റ്റേഷനും കെട്ടിടങ്ങള്‍ മാത്രമായി. പണ്ടൊരു പ്രതാപ കാലമുണ്ടായിരുന്നതിൻ്റെ ഓർമപ്പെടുത്തല്‍ മാത്രമായി പോർട്ട് ട്രസ്റ്റ് ആസ്ഥാനവും, താജ് മലബാർ ഹോട്ടലും പഴയ പടിയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചിൻ ഷിപ്പയാർഡിന്റെ റിപ്പയർ സെന്റർ, സിമന്റ് കമ്ബനികളുടെയും പൊതുമേഖല സ്ഥാപനങ്ങളായ എഫ്‌എസിടി, ബിപിസിഎല്‍ ബർത്തുകള്‍, ക്രൂയിസ് ടെർമിനല്‍ തുടങ്ങിയവയാണ് നിലവിലെ പോർട്ട് ട്രസ്റ്റിന്റെ വരുമാന മാർഗം. നേരത്തെ വലിയ ബ്രാൻഡുകളുടെ മേല്‍വിലാസമായിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഏതാനും ചില കമ്പനികളുടെ ഓഫീസും, കേന്ദ്രസർക്കാർ സ്ഥാപനങ്ങളുണ്ട്. പോർട്ട് ട്രസ്റ്റ് നയങ്ങള്‍ തന്നെയാണ് വികസനത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കിയതെന്നാണ് വിമർശനം. മദർ ഷിപ്പുകളെത്തിച്ചുള്ള ട്രാൻഷിപ്പ്മെന്റിനായാണ് 2011ല്‍ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഡിപി വേള്‍ഡുമായി വല്ലാർപാടത്ത് കരാറില്‍ എത്തുന്നത്. പ്രതിഫലം 33 ശതമാനം റോയല്‍റ്റി. എന്നാല്‍ പ്രതീക്ഷിച്ച ട്രാൻഷിപ്പ്മെന്റ് ചരക്ക് വല്ലാർപാടത്ത് എത്തിയില്ല. പ്രതിരോധ, ബള്‍ക്ക് കാർഗോകള്‍ ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര കാർഗോ കൈകാര്യം ചെയ്യുന്നതിന് പഴയ തുറമുഖത്തില്‍ നിബന്ധനകളും, ഡിപി വേള്‍ഡിന്റെ അനുമതിയും വേണമെന്നായി.
ഇതോടെ കൊച്ചിയിലെത്തുന്ന ആഭ്യന്തര, വിദേശ കാർഗോകളുടെ ഭൂരിഭാഗവും 11കിലോമീറ്റർ ദൂരെയുള്ള വല്ലാർപാടത്തേക്ക് പോയി. പഴയ കൊച്ചി തുറമുഖത്ത് ആളൊഴിഞ്ഞു. പഴയ കൊച്ചി തുറമുഖത്ത് വരുന്ന കപ്പലിന് തിരികെ പോകാനുള്ള ആഴം കപ്പല്‍ ചാലിനില്ലാത്തതും പ്രതിസന്ധിയാണ്. ടഗ് ബോട്ട് ഉപയോഗിച്ച് തുറമുഖത്ത് നിന്ന് കപ്പല്‍ കൊണ്ട് പോകുന്നതിലൂടെ സമയവും അദ്ധ്വാനവും നഷ്ടമാകുന്നു. വല്ലാർപാടത്ത് കപ്പല്‍ചാലിന് ആഴം കൂട്ടാൻ വർഷാവർഷം 100 കോടിയിലധികം രൂപ ചിലവാക്കുമ്പോള്‍ പോർട്ട് ട്രസ്റ്റിന്റെ സ്വന്തം തുറമുഖത്തെ അത് ക്ഷീണിപ്പിച്ചു. കൊച്ചി നഗരത്തോട് ചേർന്നുള്ള കണ്ണായ ഭൂമിയാണ് ഉപയോഗശൂന്യമാകുന്നത്. എന്നാല്‍ ഇതിനെപറ്റി നിലവില്‍ ഒന്നും പറയാൻ ഇല്ലെന്നാണ് പോർട്ട് ട്രസ്റ്റ് ചെയർമാന്റെ പ്രതികരണം.