ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ആതിഥേയരായ പാക്കിസ്ഥാൻ പുറത്തേയ്ക്ക്. നിർണ്ണായക മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടാണ് പാക്കിസ്ഥാൻ പുറത്തേയ്ക്കുള്ള വക്കിൽ എത്തിയത്. ആദ്യ കളി ന്യൂസിലൻഡിനോടും പാക്കിസ്ഥാൻ തോറ്റിരുന്നു. ഫോം ഔട്ടിലായിരുന്ന വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത് സെമി ഉറപ്പിച്ചത്. 111 പന്തിൽ ഏഴു ഫോറുകൾ സഹിതമാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. സ്കോർ – പാക്കിസ്ഥാൻ : 241 ഇന്ത്യ : 244/4
ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാൻ ബാറ്റർമാരുടെ മെല്ലെപ്പോക്കും കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തുകയും കൂടി ചെയ്തതോടെ പാക്കിസ്ഥാന് മികച്ച ടോട്ടൽ പടുത്തുയർത്താനായില്ല. ഓപ്പണർമാരായ ഇമാമുൽ ഹഖും (10), ബാബർ അസമും (23) വളരെ സാവധാനമാണ് കളിച്ചത്. 41 ൽ ബാബറിനെ വീഴ്ത്തി പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് നിർണ്ണായകമായ വിക്കറ്റ് നൽകിയത്. ആറ് റൺ കൂടി ചേർത്തപ്പോഴേയ്ക്കും അക്സർ പട്ടേലിന്റെ നേരിട്ടുള്ള ഏറിൽ ഇമാമുൽ ഹഖ് റണ്ണൗട്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ, റിസ്വാനും (46), സൗദ് ഷക്കീലും (62) ചേർന്നു നടത്തിയ രക്ഷാ പ്രവർത്തനം പാക്കിസ്ഥാനം 150 കടത്തി. 151 ൽ റിസ്വാൻ പുറത്തായി. എട്ട് റൺ കൂടി ചേർന്ന് ഷക്കീലും വീണു. പിന്നീട് വന്നവരിൽ ആഗയും (19), ഖുഷ്ദിൽ ഷായും (38), നസീം ഷായും (14) മാത്രമാണ് രണ്ടക്കം കണ്ടത്. തയ്യിബ് താഹിർ (4), ഷഹീൻ ഷാ അഫ്രീദി (0), ഹാരീസ് റൗഫ്, എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്ക് കുൽദീപ് യാദവ് മൂന്നും വേണ്ടി പാണ്ഡ്യ രണ്ടും, ഹർഷിത് റാണയും, അക്സർ പട്ടേലും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും (20), ഗില്ലും (46) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 31 ന് രോഹിത് പുറത്തായതിനു പിന്നാലെ ഗില്ലും കോഹ്ലിയും ചേർന്ന് ഇന്ത്യയെ നൂറ് കടത്തി. എന്നാൽ, അബ്റാർ അഹമ്മദിന്റെ സ്പിൻ തിരിച്ചറിയാതെ പോയ ഗിൽ ക്ലീൻ ബൗൾഡായി. പിന്നാലെ ക്രീസിലെത്തിയ അയ്യർ കോഹ്ലിയ്ക്കു കൂട്ടു നിന്നു. രണ്ടു പേരും ചേർന്ന് ടീം സ്കോർ 214 ൽ എത്തിച്ചു. മിന്നും ക്യാച്ചിലൂടെ അയ്യരെ ഇമാമുൽ ഹഖ് പുറത്താക്കി. പിന്നാലെ എത്തിയ പാണ്ഡ്യ (8) അതിവേഗം കളി ജയിപ്പിക്കാനുള്ള നീക്കത്തിനിടെ വിക്കറ്റ് ഷഹിൻഷാ അഫ്രീദിയ്ക്ക് നൽകി. ഒരു വശത്ത് ഉറച്ചു നിന്ന കോഹ്ലി വിജയറണ്ണും സെഞ്ച്വറിയും പൂർത്തിയാക്കി. അക്സർ പട്ടേൽ (3) പുറത്താകാതെ നിന്നു.